ഇന്ത്യ അതിവേഗം വൃദ്ധജനങ്ങളുടെ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്ന ജനസംഖ്യാ പഠനറിപ്പോർട്ടുകൾ കേന്ദ്ര - സംസ്ഥാന സർക്കാർ ഇതുവരെ കാര്യമായെടുത്തെന്നു തോന്നുന്നില്ല. അറുപതു കഴിഞ്ഞവരാണ് പ്രായമേറിയ സമൂഹമായി പരിഗണിക്കപ്പെടുന്നത്. നിലവിൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പതിനൊന്നു ശതമാനത്തോളമാണ് വൃദ്ധജനസംഖ്യ. ഈ രീതിയിൽ പോയാൽ 2036-ൽ അഞ്ചിലൊരാൾ എന്ന കണക്കിൽ രാജ്യത്ത് പ്രായമേറിയവരുടെ സംഖ്യ കുതിച്ചുയരും. ഈ നൂറ്റാണ്ട് പകുതിയെത്തുമ്പോൾ പതിനഞ്ച് ശതമാനമായും നൂറ്റാണ്ട് അവസാനിക്കുമ്പോൾ മുപ്പത്താറു ശതമാനമായും വയോജനസംഖ്യ ഉയരുമെന്നാണ് കണക്കുകൂട്ടൽ. ജനപ്പെരുപ്പത്തിൽ ചൈനയെയും മറികടന്ന് ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വയോജനങ്ങളുടെ ഈ പെരുപ്പം സർക്കാരുകൾക്കു മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
വൃദ്ധജനങ്ങൾക്കായി ഭരണകൂടങ്ങൾ ഇവിടെ പ്രത്യേക ക്ഷേമപദ്ധതികളൊന്നും നടപ്പാക്കുന്നില്ല. ജീവിത സായാഹ്നത്തിലെത്തിയവർക്ക് എന്തിന് ക്ഷേമപദ്ധതികൾ എന്നാണ് പൊതുവേയുള്ള ചിന്ത. മാത്രമല്ല പ്രാബല്യത്തിലുണ്ടായിരുന്ന അപൂർവം ആനുകൂല്യങ്ങൾ നിറുത്തലാക്കുകയുമുണ്ടായി. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടത് കൊവിഡ് കാലത്ത് നിറുത്തലാക്കിയ ചില റെയിൽവേ യാത്രാസൗജന്യമാണ്. കൊവിഡിനു മുൻപ് മുതിർന്ന പൗരന്മാർക്ക് ട്രെയിൻ നിരക്കിൽ ഇളവ് നൽകിയിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിൽ അതു നിറുത്തലാക്കി. വ്യാപകമായ ആവശ്യമുയർന്നിട്ടും ഇതുവരെ ഈ സൗജന്യം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതിനെക്കാൾ കഷ്ടമാണ് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളുടെ സ്ഥിതി. ഇൻഷ്വറൻസ് കമ്പനികൾ വൃദ്ധജനങ്ങളെ വലിയ ബാദ്ധ്യതയായിട്ടാണ് കരുതിപ്പോരുന്നത്. ബാങ്ക് വായ്‌പകൾക്കോ ക്ഷേമപദ്ധതികളുടെ കാര്യത്തിലോ യാതൊരു പരിഗണനയും അവർക്കു ലഭിക്കാറില്ല. രാജ്യത്തെ ജനസംഖ്യയിൽ അഞ്ചിലൊരു ഭാഗം വയോജനങ്ങളായിട്ടും അവരുടെ ക്ഷേമകാര്യങ്ങൾ നോക്കാൻ മാത്രമായി പ്രത്യേകവകുപ്പോ മന്ത്രിയോ ഇനിയും ഉണ്ടായിട്ടില്ല. സമൂഹത്തിൽനിന്നു മാത്രമല്ല സ്വന്തം കുടുംബങ്ങളിൽ നിന്നും ക്രമേണ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന വിഭാഗമാണ് വയോജനങ്ങൾ. പ്രായമേറിയവരുടെ സംഖ്യ പെരുകുന്നതിനനുസരിച്ച് രാജ്യത്തിനും ജരാനര ബാധിക്കുകയാണെന്ന കാര്യം മറക്കരുത്. രണ്ടുവർഷം മുൻപ് കേരളത്തിലെ മുതിർന്ന പൗരജനങ്ങൾ ജനസംഖ്യയുടെ പതിനാറര ശതമാനമായിരുന്നു. അടുത്ത ഒരു ദശാബ്ദം കൊണ്ട് അത് 22 ശതമാനമായി വർദ്ധിക്കും. 2036-ൽ രാജ്യത്ത് വൃദ്ധജനസംഖ്യാ വളർച്ചയിൽ ഒന്നാം സ്ഥാനം കേരളത്തിനായിരിക്കും. യാതൊരു തൊഴിൽ സാദ്ധ്യതയുമില്ലാത്ത ഈ വിഭാഗത്തിന്റെ ക്ഷേമകാര്യങ്ങൾക്കുകൂടി ഭരണകൂടം വക കണ്ടെത്തേണ്ടിവരും.
അറുപതു കഴിഞ്ഞാലും തൊഴിൽ മേഖലയിൽ വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണ് മുതിർന്ന പൗരന്മാരിൽ നല്ലൊരു വിഭാഗം. നിർഭാഗ്യവശാൽ അൻപത്തിയാറോ അൻപത്തിയെട്ടോ എത്തിയാൽ പെൻഷൻ നൽകി വീട്ടിലിരുത്തുക എന്നതാണ് ഭരണകൂടനയം. യുവജന സംഘടനകളെ പേടിച്ച് പെൻഷൻ പ്രായം കൂട്ടാൻപോലും സർക്കാരിനു കഴിയുന്നില്ല. ആയുർദൈർഘ്യം കൂടിയതനുസരിച്ച് പെൻഷൻ പ്രായവും പുതുക്കാവുന്നതാണ്. എന്നാൽ അതിൽ തൊട്ടാൽ സർക്കാർ തന്നെ ഇളകിവീഴും. മുതിർന്നവരുടെ സംഖ്യ ക്രമമായി ഉയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വയോജനങ്ങൾക്കായി പുതിയ നയപരിപാടികൾ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു വരുമ്പോൾ വയോജനങ്ങൾക്ക് തുച്ഛമായ തുക പ്രഖ്യാപിച്ചതുകൊണ്ടായില്ല. മാന്യമായ ജീവിതസാഹചര്യങ്ങളാണ് അവർക്കു വേണ്ടത്. മുതിർന്നവർ കൂടി ചേർന്നതാണ് രാജ്യം എന്ന വസ്തുത വിസ്‌മരിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |