തിരുവനന്തപുരം: നിയമനത്തിനായി കോഴ കൈപ്പറ്റിയെന്ന് പരാതിക്കാരൻ ആരോപിക്കുന്ന ദിവസം ആരോഗ്യ മന്ത്രിയുടെ പി എ അഖിൽ മാത്യൂ തലസ്ഥാനത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ്. ഏപ്രിൽ 10ന് തലസ്ഥാനത്ത് വച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസന്റെ ആരോപണം. എന്നാൽ ഏപ്രിൽ 10,11 തീയതികളിൽ അഖിൽ മാത്യു പത്തനതിട്ടയിലുണ്ടായിരുന്നതായാണ് ടവർ ലൊക്കേഷൻ പരിശോധിച്ചത് വഴി പൊലീസ് അറിയിക്കുന്നത്. അതിനാൽ തന്നെ അഖിൽ മാത്യുവിന്റെ പേരിൽ ആൾമാറാട്ടം നടന്നതായുള്ള സംശയം ബലപ്പെട്ടു.
ഇടനിലക്കാരനായ അഖിൽ സജീവ്, അഖിൽ മാത്യുവിന്റെ ഫോട്ടോ കാണിച്ചു തന്നിരുന്നുവെന്നും അതേ വ്യക്തിയ്ക്ക് ഏപ്രിൽ 10-ാം തീയതി ഉച്ചയ്ക്ക് ശേഷം 2.30ന് ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പരിസരത്ത് വച്ച് തുക കൈമാറിയെന്നുമാണ് ഹരിദാസന്റെ ആക്ഷേപം. എന്നാൽ അന്നേ ദിവസം വൈകുന്നേരം 3.30-ന് അഖിൽ മാത്യു പത്തനംതിട്ടയിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ വീഡിയോദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. അഖിൽ മാത്യുവിനെ സംഭവദിവസത്തിന് മുൻപ് നേരിട്ട് .കണ്ടിട്ടില്ലെന്നും അയാൾ തന്നെയാണോ പണം കൈപ്പറ്റിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ഹരിദാസൻ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ടവർ ലൊക്കേഷൻ പ്രകാരം അഖിൽ മാത്യു സംഭവദിവസം പത്തനംതിട്ടയിലായിരുന്നു എന്ന് പൊലീസ് അറിയിക്കുന്നത്. പരാതിക്കാരൻ 10,11 തീയതികളിൽ തിരുവനന്തപുരത്ത് എത്തിയിരുന്നു എന്നും ടവർ ലൊക്കേഷൻ വ്യക്തമാക്കുന്നു. കൂടാതെ അഖിൽ സജീവ് അറിയിച്ചത് പ്രകാരം പണം കൈമാറിയെന്ന കാര്യത്തിലും ഹരിദാസൻ ഉറച്ചുനിൽക്കുന്നുണ്ട് . അതിനാലാണ് അഖിൽ മാത്യൂസ് എന്ന വ്യാജേനെ മറ്റാരെങ്കിലും പണം തട്ടിയാതാണോ എന്ന് പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |