കഴിഞ്ഞദിവസം ശ്രീലങ്കയിലെ ഗോളിൽനടന്ന ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കയുടെ മുൻ നായകൻ ഏഞ്ചലോ മാത്യൂസ് ബാറ്റിംഗിനിറങ്ങിയപ്പോൾ എതിരാളികളായിരുന്ന ബംഗ്ളാദേശി താരങ്ങൾ ബഹുമാനപൂർവ്വം ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു. തന്റെ വിരമിക്കൽ ടെസ്റ്റ് എന്ന് പ്രഖ്യാപിച്ച് അവസാനമത്സരത്തിനിറങ്ങിയ മാത്യൂസിന് ബംഗ്ളാദേശ് എന്ന ' എതിരാളികൾ" നൽകിയ ബഹുമാനം കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന ചൊല്ല് അർത്ഥവത്താക്കുന്നത് മാത്രമായിരുന്നില്ല ; ഏഞ്ചലോ മാത്യൂസ് മാന്യനായ കളിക്കാരന് ലഭിക്കേണ്ടുന്ന അംഗീകാരം കൂടിയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ബാറ്റിംഗിന് ഇറങ്ങാൻ വൈകിയതിന്റെ പേരിൽ ടൈംഡ് ഔട്ടായ കളിക്കാരനാണ് ഏഞ്ചലോ മാത്യൂസ്. 2023 ലോകകപ്പിൽ ബംഗ്ളാദേശിന് എതിരെയായിരുന്നു ദൗർഭാഗ്യകരമായ ആ പുറത്താകൽ. ക്രീസിലേക്കെത്തുമ്പോൾ ബംഗ്ളാദേശിന്റെ അപ്പീലിൽ വിരലുയർത്തിനിൽക്കുന്ന അമ്പയറെയാണ്. ആദ്യം അമ്പരന്ന മാത്യൂസ് ബംഗ്ളാദേശുകാർ അപ്പീൽ പിൻവലിക്കുമെന്ന പ്രതീക്ഷയിൽ കുറച്ചുനേരം നിന്നിരുന്നു. ഒടുവിൽ ചരിത്രപരമായ നാണക്കേട് ഏറ്റുവാങ്ങി തലതാഴ്ത്തി മടങ്ങി.
മറ്റാരായിരുന്നെങ്കിലും ആ എതിരാളികളോടുള്ള ശത്രുത ജീവിതത്തിൽ ഒരിക്കലും മറക്കുമായിരുന്നില്ല. എന്നാൽ മാത്യൂസ് കഴിഞ്ഞുപോയതിനെച്ചൊല്ലി അവരോടു കലഹിച്ചില്ല. കഴിഞ്ഞവർഷം നടന്ന ബംഗ്ളാദേശിന്റെ ശ്രീലങ്കൻ പര്യടനത്തിൽതന്നെ അവരുമായി പഴയസൗഹൃദത്തിൽ പെരുമാറാൻ മാത്യൂസിന് കഴിഞ്ഞു. അതുകൊണ്ടാണ് അവസാന മത്സരത്തിൽ രണ്ടുവട്ടം ഗാർഡ് ഓഫ് ഓണർ നൽകാൻ ബംഗ്ളാദേശ് തയ്യാറായത്. രണ്ടാം ഇന്നിംഗ്സിൽ മാത്യൂസിനെതിരെ ഡി.ആർ.എസിന് നൽകിയ ഇടവേളയിൽ ബംഗ്ളാദേശ് താരം മുഷ്ഫിഖുർ റഹിമും മാത്യൂസും തമ്മിൽ നടന്ന ഹൃദ്യമായ സംസാരത്തിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലാണ്. കളിചിരികൾക്കൊടുവിൽ മുഷ്ഫിഖുർ റഹിമിന്റെ താടിയിൽ പിടിച്ചുചിരിക്കുന്ന ദൃശ്യം ക്രിക്കറ്റ് ആരാധകരുടെ മനസിൽ നിന്ന് മായുകില്ല.
പ്രശ്നങ്ങളും പ്രതിസന്ധികളും അരങ്ങുവാഴുന്ന ശ്രീലങ്കൻ ക്രിക്കറ്റിൽ എക്കാലത്തും മാന്യത പുലർത്തിയ കളിക്കാരനായിരുന്നു മാത്യൂസ്. കളത്തിനകത്തും പുറത്തും നല്ല പെരുമാറ്റം കൊണ്ട് സഹതാരങ്ങളുടെയും എതിരാളികളുടേയും ബഹുമാനം നേടിയെടുത്തു.കലഹങ്ങളില്ലാത്ത ക്രിക്കറ്ററായി, ജെന്റിൽമാൻസ് ഗെയിമെന്ന ക്രിക്കറ്റിന്റെ പേരിനോട് കൂറുപുലർത്തിയാണ് റെഡ് ബാൾ ഫോർമാറ്റിനോട് മാത്യൂസ് വിടപറയുന്നത്.
2009ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മാത്യൂസ് 119 മത്സരങ്ങളിൽ നിന്ന് 8214 റൺസ് നേടിയിട്ടുണ്ട്.
സംഗക്കാരയ്ക്കും ജയവർദ്ധനെയ്ക്കും ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ശ്രീലങ്കൻ താരം.
16 സെഞ്ച്വറികളും 45 അർദ്ധസെഞ്ച്വറികളും നേടി.
200 നോട്ടൗട്ടാണ് ഉയർന്ന സ്കോർ .
33 വിക്കറ്റുകളും നേടിയിട്ടുണ്ട്.
34 ടെസ്റ്റുകളിൽ ശ്രീലങ്കയെ നയിച്ചു.
38കാരനായ മാത്യൂസ് വൈറ്റ് ബാൾ ഫോർമാറ്റിൽ കളിതുടരും.
7 നൂറോ അതിലധികമോ ടെസ്റ്റുകൾ കളിക്കുന്ന ഏഴാമത്തെ ലങ്കൻ താരം.
ലാസ്റ്റ് ഇന്നിംഗ്സ്
അവസാനമത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 39 റൺസ് എടുത്ത മാത്യൂസ് മോമിനുൽ ഹഖിന്റെ പന്തിൽ ലിട്ടൺ ദാസിന് ക്യാച്ച് നൽകി പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ 296 റൺസ് വിജയലക്ഷ്യമായിരുന്ന ബംഗ്ളാദേശ് സമനിലയ്ക്ക് വേണ്ടി കളിച്ചപ്പോൾ മാത്യൂസ് 45 പന്തുകളിൽ എട്ടുറൺസ് നേടി. ലങ്ക സമനിലയുറപ്പിച്ചശേഷമാണ് തൈജുൽ ഇസ്ളാമിന്റെ പന്തിൽ മോമിനുലിന് ക്യാച്ച് നൽകി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |