തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാംപ്രതി നസീമിനെയും ഇന്ന് പൊലീസ് കസ്റ്റഡിൽ വാങ്ങും. ഇന്നലെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ഇന്ന് 11 മണിക്ക് ഇരുവരെയും കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ മറ്റ് പ്രതികളെ ഉൾപ്പെടെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുക്കേണ്ടതുണ്ട്. സംഭവത്തിൽ 10 പേരുടെ പങ്കുകൂടി വ്യക്തമായതായി കന്റോൺമെന്റ് സി.ഐ അനിൽകുമാർ പറഞ്ഞു. ഇവർക്കുള്ള ലുക്കൗട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും. കോളേജിന് പുറത്തുള്ള ഡി.വൈ.എഫ്.ഐ നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. നടുറോഡിൽ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും സംഘത്തിലുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള 30 പേരിൽ 14 പേരെ കൂടി ഇനി തിരിച്ചറിയാനുണ്ട്. എട്ട് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിൽ ആറ് പേരാണ് പിടിയിലായിട്ടുള്ളത്.
അഖിലിന്റെ മൊഴി ഇന്ന്
കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇതിന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അനുമതി നൽകി. രാവിലെ 10 മണിയോടെ അന്വേഷണ സംഘം ആശുപത്രിയിലെത്തി മൊഴിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |