ബംഗളൂരു: ആഴ്ചകൾ മാത്രം പഴക്കമുളള ബസ് കാത്തിരിപ്പ് കേന്ദ്രം മോഷണം പോയി. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റെയിൻലസ്സ്റ്റീൽ കൊണ്ട് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായത്. ബംഗളൂരുവിലെ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ലെ കന്നിംഗ്ഹാം റോഡിൽ സ്ഥിതി ചെയ്തിരുന്ന കാത്തിരിപ്പ് കേന്ദ്രമാണ് മോഷണം പോയത്.
കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായ എൻ രവി റെഡ്ഡിയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ലിംഗരാജപുരം, ഹെന്നൂർ, ബാനസവാടി, പുലികേശിനഗർ, ഗംഗേനഹള്ളി, ഭൂപസാന്ദ്ര, ഹെബ്ബാൾ, യെലഹങ്ക എന്നിവിടങ്ങളിലേക്കുളള നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായിരുന്നു മോഷണം പോയ കാത്തിരിപ്പ് കേന്ദ്രം. സമീപത്തുളള കെട്ടിടങ്ങളിലുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
മാർച്ചിലും സമാനസംഭവം നടന്നിരുന്നു. മുപ്പത് വർഷം പഴക്കമുളള കാത്തിരിപ്പ് കേന്ദ്രമാണ് ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായത്. കല്യാൺനഗറിൽ സ്ഥിതി ചെയ്തിരുന്ന കാത്തിരിപ്പ് കേന്ദ്രം 1990ലാണ് പണി കഴിപ്പിച്ചത്. 2015ൽ ഹൊറൈസൺ സ്‌കൂളിന് സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും 2014ൽ രാജരാജേശ്വരി നഗറിലുണ്ടായിരുന്ന ഇരുപത് വർഷം പഴക്കമുളള കാത്തിരിപ്പ് കേന്ദ്രവും കാണാതായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |