മാരാരിക്കുളം ബീച്ച് ശുചിയാക്കി
ആലപ്പുഴ: കേരളത്തിലെ 22 ബീച്ചുകളിലെ പ്ളാസ്റ്റിക് മാലിന്യമടക്കം നീക്കി ശുചിയാക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത് മാരാരിക്കുളത്തെ അഞ്ചംഗ സുഹൃത്ത് സംഘം. 550 കിലോമീറ്ററോളം ദൈർഘ്യം വരും ഇവയ്ക്ക്. 28 ദിവസമെടുത്ത് മാരാരിക്കുളത്തെ മാരാരി ബീച്ച് വൃത്തിയാക്കി. കാട്ടൂർ ബീച്ചാണ് ഇപ്പോൾ ശുചീകരിക്കുന്നത്. അതുകഴിഞ്ഞ് മറ്റിടങ്ങളിലെത്തും.
ആലപ്പുഴയിലെ ടൂറിസം വ്യവസായി എഡിസൺ ആന്റണിയുടെ നേതൃത്വത്തിൽ അദ്ധ്യാപകൻ നെബിൻ ചെറിയാൻ, യോഗ പരിശീലകൻ മൈജു ഫെലിക്സ്, ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന നിതിൻ ജോസഫ്, കോളേജ് ജീവനക്കാരൻ തോമസ് ആന്റണി എന്നിവരാണ് സന്നദ്ധ സേവനത്തിനിറങ്ങിയത്. പ്രവൃത്തി വഴി സമൃദ്ധി എന്ന ആശയത്തിലൂന്നി 'ഒപ്പുലൻസ് ഇൻ ആക്ഷൻ' എന്നാണ് കൂട്ടായ്മയ്ക്ക് പേര്.
കുട്ടനാടൻ ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് മാലിന്യമടക്കം കണ്ടപ്പോഴാണ് ഇത്തരമൊരു ആശയം എഡിസൺ ആന്റണിക്ക് തോന്നിയത്. കൂലിക്ക് ആളെക്കൂട്ടി ദിവസവും ചാക്കുകണക്കിന് മാലിന്യം നീക്കി. കൊവിഡ് കാലത്ത് ടൂറിസം വ്യവസായം മന്ദഗതിയിലായതോടെ പണംമുടക്കിയുള്ള പ്രവർത്തനത്തിന് കഴിയാതായി. തുടർന്നാണ് സുഹൃത്തുക്കളുമായി ആശയം പങ്കുവച്ചത്.
ഇവരുടെ ദൗത്യം അറിഞ്ഞ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഗ്ലൗസും ചൂലുമടക്കം സൗജന്യമായി നൽകി. ജൈവ മാലിന്യങ്ങൾ തീരത്ത് തന്നെ കുഴിച്ചിടും. പ്ലാസ്റ്റിക് അടക്കം ഹരിതകർമ്മസേനയ്ക്ക് കൈമാറും. ഇപ്പോൾ നിരവധിപ്പേർ സ്വയം സന്നദ്ധരായി രംഗത്തെത്തുന്നുണ്ട്. ചൊവ്വ, ശനി ദിവസങ്ങളിലാണ് പ്രവർത്തനം.
''യാത്രാ ചെലവ്, താമസ സൗകര്യം, ഭക്ഷണം അടക്കം ചെലവുകളുണ്ട്. സർക്കാരിന്റെയോ, സന്നദ്ധ സംഘടനകളുടെയോ സഹകരണം കൂടി ലഭിച്ചാൽ അതിവേഗം ബീച്ചുകൾ ശുചീകരിക്കാം.
-എഡിസൺ ആന്റണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |