കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ എൻ.ഐ.എയുടെ നടപടി കോടതി റദ്ദാക്കി, ജപ്തി നടപടികൾ ചോദ്യം ചെയ്ത് സ്വത്തിന്റെ അവകാശികളും ട്രസ്റ്റികളും സമർപ്പിച്ച അപ്പീലിലായിരുന്നു കൊച്ചിയിലെ എൻ.ഐ.എ കോടതിയുടെ വിധി. കോടതി വിധിക്കെതിരെ എൻ.ഐ.എ അപ്പീൽ നൽകും. ജൂൺ 30ലെ കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് വെളിച്ചത്തുവന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നുവെന്ന എൻ.ഐ.ഐ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.
കണ്ടുകെട്ടലിൽ നിന്ന് ഒഴിവാക്കിയവയിൽ മലപ്പുറം ഗ്രീൻ വാലി ഫൗണ്ടേഷന്റെ 10.27 ഹെക്ടർ ഭൂമിയും കെട്ടിടവും ഉൾപ്പെടും. ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ്, ആലപ്പുഴ മണ്ണഞ്ചേരിയിൽ ഷാഹുൽ ഹമീദിന്റെ ഷോപ്പിംഗ് കോംപ്ലക്സ്, കുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്വത്ത്, പന്തളം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥലവും കെട്ടിടവും, ചാവക്കാട് മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം, മാനന്തവാടിയിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റിന്റെ സ്വത്ത്, ആലുവയിലെ അബ്ദുൽ സത്താർ ഹാജി മൂസ സെയ്ത് ജുമാ മസ്ജിദിന്റെ ഭൂമി, പട്ടാമ്പി കൽപ്പക ജംഗ്ഷനിൽ കെ.ടി. അസീസിന്റെ ഷോപ്പിംഗ് കോംപ്ലക്സ്, കോഴിക്കോട് മീഞ്ചന്തയിൽ ഒബെലിസ്ക് പ്രോപ്പർട്ടീസ് ആൻഡ് ഡെവലപ്പേഴ്സിന്റെ കെട്ടിടം എന്നിവയും വിട്ടുനൽകണം.
പോപ്പുലർ ഫ്രണ്ടിന്റെ കേഡർമാരെ പരിശീലിപ്പിക്കാനും സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനുമാണ് ഗ്രീൻ വാലി ക്യാമ്പസ് ഉപയോഗിക്കുന്നതെന്ന് എൻ.ഐ.എ ആരോപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടും എൻ.ഡി.എഫും നിലവിൽ വരുന്നതിന് മുമ്പ് സ്ഥാപിച്ചതാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ എന്ന വാദം കോടതി അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |