പത്തനംതിട്ട: ബ്രൗൺഷുഗറും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ജില്ലാ പൊലീസ് സ്‌പെഷ്യൽ ടീമും ലോക്കൽ പൊലീസും അടൂർ ഏനാത്ത് എന്നിവടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്. അടൂർ വടക്കടത്തുകാവിലെ വാടകവീട്ടിൽ നിന്ന് 14 ചെറിയ കുപ്പികളിലായി വില്പനക്ക് സൂക്ഷിച്ച 3. 62ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം സ്വദേശികളായ ദമ്പതികൾ ഫാകറുദീൻ (26), ഫരിദാഖത്തൂൻ (23) എന്നിവരെയാണ് പിടികൂടിയത്.
ഏനാത്ത് നിന്ന് 40 ഗ്രാം കഞ്ചാവുമായി കൊല്ലം കുന്നത്തൂർ ശിവവിലാസം വിഷ്ണു അറസ്റ്റിലായി. ജില്ലയിൽ പല സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കാലങ്ങളായി ഇയാൾ കഞ്ചാവ് കച്ചവടം നടത്തിവരികയാണ്. ഇയാൾക്കൊപ്പം കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്. നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അടൂർ, ഏനാത്ത് പൊലീസും റെയ്ഡുകളിൽ പങ്കെടുത്തു.
കഴിഞ്ഞദിവസം കൊല്ലം കരുനാഗപ്പള്ളിയിൽ രണ്ടിടങ്ങളിലായി എക്‌സൈസ് നടത്തിയ പരിശോധനയിൽ 7.47 ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവും പിടികൂടി. ഏഴ് യുവാക്കൾ പിടിയിലായി. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര മരുതൂർകുളങ്ങര തെക്ക് മുറിയിൽ അജിത്ത് ഭവനത്തിൽ അഭിജിത്ത് (26), ഇയാളുടെ സഹോദരൻ അഭിരാജ് (23), കരുനാഗപ്പള്ളി മരതൂർകുളങ്ങര തെക്ക് മുറിയിൽ കൊച്ചാണ്ടിശേരി വടക്കതിൽ വീട്ടിൽ പ്രണവ് (19), കരുനാഗപ്പള്ളി തഴവ കടത്തൂർ മുറിയിൽ കണ്ണമ്പള്ളി വീട്ടിൽ ജിതിൻ (35), കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി തെക്കുംമുറിയിൽ വീട്ടിൽ കാക്കോന്റയ്യത്ത് വീട്ടിൽ ബിൻ താലിഫ് (25), തൊടിയൂർ പുലിയൂർ വഞ്ചി വടക്കുമുറിയിൽ കാട്ടയ്യത്ത് കിഴക്കതിൽ ഫൈസൽ (21), തഴവകടത്തൂർ മുറിയിൽ കണ്ടത്തിൽ തറയിൽ തെക്കതിൽ വീട്ടിൽ നവാസ് (21) എന്നിവരാണ് പിടിയിലായത്.
ഒക്ടോബർ രണ്ട് മുതൽ 15 വരെ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവായ 'നോട്ട് ടു ഡ്രഗ്സ്' ക്യാമ്പയിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഭിജിത്തിന്റെ വീട്ടിൽ പരിശോധന നടത്തുകയും കിടപ്പുമുറിയിൽ നിന്ന് 3.26 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും കണ്ടെത്തി.
തുടർന്ന് അഭിജിത്ത്, അഭിരാജ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ പ്രണവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു. തഴവ ഭാഗത്ത് പരിശോധന നടത്തുന്നതിനിടയിൽ കാറിൽ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തഴവ തട്ടുപുരയ്ക്കൽ ജംഗ്ഷനിൽ പരിശോധന നടത്തി. നവാസുൾപ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച കാർ തടഞ്ഞ് കാറിൽ നിന്ന് 4.21 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും കണ്ടെത്തി. ഏഴ് പേരെയും റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |