SignIn
Kerala Kaumudi Online
Friday, 12 April 2024 5.01 PM IST

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് ക്യാഷ് അവാർഡ് അനുവദിച്ച് സർക്കാർ, മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയാം

sreejesh

തിരുവനന്തപുരം: ചൈനയിലെ ഷാങ് ഷൗവിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരളതാരങ്ങൾക്ക് ക്യാഷ് അവർഡ് അനുവദിച്ച് മന്ത്രിസഭായോഗ തീരുമാനം. സ്വർണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

സംസ്ഥാനത്ത് സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കാൻ തീരുമാനിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. കേരള ഡവലപ്‌മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നൽകിയത്. മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസർച്ച്. ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസർച്ച്.

സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ പ്രവർത്തനത്തിനായി താൽക്കാലികാടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നിന്ന് വിരമിച്ച ഡോ.സാബു തോമസിനെ ആദ്യ ഡയറക്ടറായി മൂന്ന് വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി. മൈക്രോബയോമിന്റെ ഭരണ വകുപ്പായി കേരള സർക്കാരിന്റെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിനെ തീരുമാനിച്ചു.

കൊവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതൽ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാർഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറൻസിക് സയൻസ് തുടങ്ങി എക്‌സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിദ്ധ്യമാർന്ന ശാസ്ത്ര മേഖലകളിൽ പുതിയ ഡയഗ്‌നോസ്റ്റിക് ഇന്റർവെൻഷണൽ ടെക്നിക്കുകൾ വികസിപ്പിക്കാൻ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഈ മേഖലയിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് 2022-23 ബജറ്റിൽ മൈക്രോബയോം സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഏകാരോഗ്യ വ്യവസ്ഥയിൽ മൈക്രോബയോട്ടയുടെ പ്രാധാന്യം പ്രചാരത്തിലാക്കുന്ന അന്തർവൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈൻ സഹപ്രവർത്തനം, നവീന ഉത്പന്ന നിർമ്മാണം എന്നിവ ഏകോപിപ്പിക്കുവാൻ കഴിയുന്ന ആഗോള കേന്ദ്രമാക്കി ഇതിനെ മാറ്റും. ബിഗ് ഡാറ്റാ ടെക്‌നോളജികളായ ഐ.ഒ ടി, എ.ടി.ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മൈക്രോബയോമിന്റെ സ്‌പേഷ്യോ ടെമ്പറൽ മാപ്പിംഗ് സൃഷ്ടിക്കും. തുടർന്നുള്ള ഗവേഷണങ്ങൾക്കും സൂക്ഷ്മാണുക്കളുടെ ഇടപെടലുകൾ മനസ്സിലാക്കുന്നതിനും ജീനോമിക് ഡാറ്റാ ബേസ് നിർമ്മിക്കും.

സ്റ്റാർട്ട് അപ്പുകളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിനായി നവീന ടെക്‌നോളജികൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുകയും അതുവഴി മാതൃകാപരമായ ഗവേഷണം നടത്തുകയും ചെയ്യും. ഹ്യൂമൻ മൈക്രോബയോം, ആനിമൽ മൈക്രോബയോം, പ്ലാന്റ് മൈക്രോബയോം, അക്വാട്ടിക് മൈക്രോബയോം, എൻവയോൺമെന്റൽ മൈക്രോബയോം, ഡാറ്റാ ലാബുകൾ എന്നിങ്ങനെ 6 ഡൊമൈനുകളിൽ ഗവേഷണവും വികസനവും സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

പ്രാരംഭ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിൻഫ്രാ പാർക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ പുതിയ കെട്ടിടം നിർമ്മിച്ച് കഴിഞ്ഞാൽ പ്രവർത്തനം അവിടേക്ക് മാറ്റും.

പുതുക്കിയ ഭരണാനുമതി

പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിനോടനുബന്ധിച്ച് ഓപ്പൺ എയർ തീയേറ്റർ ഉൾപ്പെടെ നിർമ്മിക്കുന്നതിനായി പ്രോജക്ടിന്റെ എസ്.പി. വി ആയ കെ.എസ്.ഐ.ടി.ഐ.എൽ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ മഖേന സമർപ്പിച്ച 285 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി.

പി.വി. മനേഷിന് ഭവന നിർമ്മാണത്തിന് ഭൂമി

മുംബയ് ഭീകരാക്രമണത്തിൽ സാരമായി പരിക്കേറ്റ എൻ എസ് ജി കമാൻഡോ കണ്ണൂർ അഴീക്കോടെ പി.വി. മനേഷിന് ഭവന നിർമ്മാണത്തിന് സൗജന്യമായി ഭൂമി പതിച്ച് നൽകും. പുഴാതി വില്ലേജ് റീ.സ. 42/15ൽപ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള 5 സെന്റ് ഭൂമിയാണ് സർക്കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാൽപ്പര്യം മുൻനിർത്തി സൗജന്യമായി പതിച്ച് നൽകുക.

കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി

കണ്ണൂർ ഐടി പാർക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകി. കിൻഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറിൽ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ നിയമിക്കും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് കണ്ണൂർ ഐടി പാർക്ക് പ്രഖ്യാപിച്ചത്.

കരാർ നിയമനം

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ 2023-24 സാമ്പത്തിക വർഷത്തെ വിവിധ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് 64 പ്രോജക്ട് സ്റ്റാഫുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASIAN GAMES, CABINET DECISIONS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.