SignIn
Kerala Kaumudi Online
Tuesday, 26 November 2024 10.00 AM IST

ഫ്രീക്കൻ ഡ്രൈവർമാരുടെ അലക്ഷ്യമായ ഡ്രൈവിംഗും അമിതവേഗതയും മാത്രമല്ല സ്വകാര്യബസ് അപകടം വർദ്ധിപ്പിക്കുന്നത്, മറ്റൊരു കാരണം കൂടിയുണ്ട്

Increase Font Size Decrease Font Size Print Page
bus

ഞങ്ങൾ നിങ്ങളെയൊന്നും ചെയ്യില്ല, പക്ഷേ ഇങ്ങോട്ട് മുട്ടാൻ വന്നാൽ വെറുതെ വിടുകയുമില്ല. കോഴിക്കോട് നഗരത്തിൽ സർവീസ് നടത്തുന്ന ഒരു ബസിന്റെ പിൻഭാഗത്ത് എഴുതിവച്ച വാക്കുകളാണിവ. അമിതവേഗത്തിലോടി ബസുകളുണ്ടാക്കുന്ന ജീവനഷ്‌ടങ്ങൾ കണ്ടും കേട്ടും വിറങ്ങലിച്ചുനിൽക്കുന്ന കേരളത്തിൽ സ്വകാര്യബസുകളിലെ ധാർഷ്ട്യം നിറഞ്ഞ കൊലവിളികൾ കണ്ടിട്ടും അനങ്ങാപ്പാറ നയമാണ് സർക്കാർ പിൻതുടരുന്നത്. നിരത്തുകളിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണിവർ ബസുകളുടെ വളയം തിരിക്കുന്നത്

അമിത വേഗതയിലെത്തിയ സ്വകാര്യബസിടിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരണപ്പെട്ടത് മനസാക്ഷിയെ പോലും മരവിപ്പിക്കുന്നതായിരുന്നു. അപകടദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചു. കണ്ടവരുടെ ഹൃദയം നടുങ്ങി. കോഴിക്കോട് സ്വദേശികളായ ഷൈജു,​ ഭാര്യ ജീമ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിന് മുമ്പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോൾ ഷൈജുവും ബ്രേക്കിടുകയായിരുന്നു. എന്നാൽ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുൻപിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും ഒരുപോലെ വിലയിരുത്തി. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാർക്കും പരിക്കേറ്റിരുന്നു. മുൻപിലുണ്ടായിരുന്ന സ്വകാര്യ ബസ് ഇടയ്ക്ക് ബ്രേക്കിട്ടപ്പോൾ പിറകിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾ നിറുത്തിയെങ്കിലും അപകടമുണ്ടാക്കിയ ബസ് ഡ്രെവർ അത് ശ്രദ്ധിച്ചില്ല.

രണ്ട് ബസുകൾക്കിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ദമ്പതിമാർ സംഭവസ്ഥലത്ത് മരണപ്പെടുകയായിരുന്നു. ആയിരക്കണക്കിന് ഇരുചക്രവാഹനക്കാർ ബസുകളുടെ മരണപ്പാച്ചിലിൽ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

ചോരപ്പട്ടിക ഞെട്ടിപ്പിക്കുന്നത്

സംസ്ഥാനത്ത് ഒരു വർഷത്തിനിടെ സ്വകാര്യബസ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണത്തിൽ 100 പേരുടെ വർദ്ധനവുണ്ടായിട്ടുണ്ട്. പൊലീസ് രേഖകൾ പ്രകാരം കഴിഞ്ഞ വർഷം 215 പേരാണ് ബസ് അപകടങ്ങളിലായി മരണപ്പെട്ടത്. 2022ൽ 1902 അപകടങ്ങളാണുണ്ടായത്. ഇവയിൽ 201 അപകടങ്ങളിലായി 215 ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. മരിച്ചവരും ഗുരുതരപരിക്കേറ്റവരും നിസാരപരിക്കേറ്റവരുമടക്കം 2472 പേരാണ് അപകടത്തിൽപ്പെട്ടത്. 2021ൽ 919 അപകടങ്ങളാണുണ്ടായത്. ഇതിൽ ഗുരുതരമായ 108 അപകടങ്ങളിലായി 115 പേർക്ക് ജീവൻ നഷ്ടമായി. മരിച്ചവരുടേയും പരിക്കേറ്റവരുടേയും അകെയെണ്ണം 1060 ആണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം 8 ബസ് ഡ്രൈവർമാരുടെ ലെെസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അമിതവേഗത്തിൽ വണ്ടി ഓടിച്ചതിന് മാത്രം 378 ബസ് ഡ്രൈവർമാരുടെ ലെെസൻസുകളും സസ്പെൻഡ് ചെയ്തു. എന്നിട്ടും ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ മോട്ടോർവാഹനവകുപ്പിന് സാധിക്കുന്നില്ല. ചുരുക്കത്തിൽ രേഖയിൽ ബ്ലാക്ക് ലിസ്റ്റിലായാലും ബസ്സുടമകൾക്ക് ഒരു കുലുക്കവുമില്ല. പിഴ പോലും അടക്കാതെ വീണ്ടും റോഡിലിറക്കുന്നു. രേഖകൾ നോക്കി പിഴ നിർബന്ധമായും ഈടാക്കുന്ന നടപടിയിലേക്ക് മോട്ടോർ വാഹനവകുപ്പ് പിന്നീട് നീങ്ങാറുമില്ല. അമിതവേഗത്തിനുള്ള പിഴയായ 1500 രൂപ പോലും അടക്കാതെയാണ് ബസുകൾ വീണ്ടും നിരത്തിലിറങ്ങുന്നത്. ചെറുതും വലുതുമായ 32073 റോഡ് അപകടങ്ങളാണ് കേരളത്തിൽ ഈ വർഷം ഉണ്ടായിട്ടുള്ളത്. 2775 പേർ മരണപ്പെടുകയും 36499 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഡ്രൈവിംഗ് വെെറലാവണം

പുതിയ കാലഘട്ടത്തിലെ ഫ്രീക്കൻ ഡ്രൈവർമാരാണ് അമിതവേഗതയും അലക്ഷ്യമായ ഡ്രെെവിംഗും മൂലം മനുഷ്യജീവന് വെല്ലുവിളിയാവുന്നത്. കളിപ്പാട്ടം പോലെ നിസാരമായാണ് അവർ ബസുകളെ കാണുന്നത്. റോഡിന്റെ ഇടതുവശം ചേർന്നാണ് ബസുകൾ ഓടിക്കേണ്ടതെന്നാണ് നിയമം,​ എന്നാൽ പല ബസ് ഡ്രെെവർമാർക്കും വലതുവശത്ത് കൂടി പോയാലേ ഉറക്കം വരികയുള്ളു എന്ന അവസ്ഥയാണ്. മാത്രമല്ല സോഷ്യൽ മീഡിയയിൽ ഹിറ്റാകാനും കെെവിട്ട കളികൾ കളിക്കാനും ഇക്കൂട്ടർ മടിക്കാറില്ല. മുന്നിലോടുന്ന എതിരാളിയെ മറികടന്ന് കുറച്ച് യാത്രക്കാരെക്കൂടി നേടാനാണ് പലപ്പോഴും ബസുകളുടെ മത്സരയോട്ടം നടക്കുന്നത്. മദ്യപിച്ചുള്ള ഡ്രൈവിംഗും പതിവാണ്. ദീർഘദൂര റൂട്ടുകളിൽ മാത്രമല്ല, ഹ്രസ്വദൂര റൂട്ടുകളിലും അമിതവേഗവും അപകടവും സർവസാധാരണമാണ്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മട്ടിലാണ് പല ബസ് ഡ്രെെവർമാരും നിരത്തിൽ ബസുമായിറങ്ങുന്നത്. ആർക്കും എങ്ങനെയും റോഡ് ദുരുപയോഗം ചെയ്യാം. ഇതിന്റെ അനന്തരഫലമോ, റോഡപകടങ്ങൾ പെരുകുകയും യാത്രക്കാരുടെയും വഴിപോക്കരുടെയും ജീവന് വിലയില്ലാതാവുകയും ചെയ്യുന്നു.

സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന ബസുകളിലാണ് യാത്രക്കാരുടെ ജീവന് പോലും വില കൽപ്പിക്കാതെ ജീവനക്കാർ തന്നിഷ്ടം കാണിക്കുന്നത്. മറ്റു വാഹനങ്ങളെ തഴഞ്ഞ് ഭീകരമായി ഹോൺ മുഴക്കിയും സൈഡ് നൽകാതെയും അപകടകരമായ രീതിയിലാണ് ഇവർ സർവീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ റോഡിലിറങ്ങിയാൽ ജീവനോടെ വീട്ടിൽ തിരിച്ചെത്താനാകുമെന്ന ഉറപ്പില്ലാത്ത സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത്. നടുറോഡിൽ നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പതിവ് കാഴ്ചയാണ്. സ്വകാര്യബസുകളുടെ അമിതവേഗത കാരണം പലപ്പോഴും യാത്രക്കാർക്കിറങ്ങേണ്ട സ്ഥലങ്ങളിൽ നിന്ന് മീറ്ററുകൾക്കപ്പുറത്ത് ഇറങ്ങേണ്ട അവസ്ഥയുമുണ്ട്. രാത്രികാലങ്ങളിലും മത്സരയോട്ടത്തിന് കുറവില്ല.

ഓരോ ജീവനും വിലയുള്ളതാണ്

റോഡ് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാരാവണം നമ്മുടെ നിരത്തുകളിലൂടെ വാഹനമോടിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ്. നിരപരാധികളുടെ ജീവനുകൾ പൊലിഞ്ഞിട്ടും നിർബാധം തുടരുന്ന ബസുകളുടെ മരണപ്പാച്ചിലുകൾക്ക് മൂക്ക് കയറിടേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയാണ്. അത് കാര്യക്ഷമമായി നടപ്പാക്കിയേ തീരൂ.

TAGS: PRIVATEBUS, ACCIDENTS, RASH DRIVING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.