ചോറ്റാനിക്കര: വാഹനമിടിച്ച് പിൻഭാഗം തളർന്ന തെരുവ് നായയ്ക്ക് മുളന്തുരുത്തി ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കരുതൽ. ഏവരെയും സഹായിക്കാൻ സന്നദ്ധരായ അവർ നായയ്‌ക്ക് 'നടക്കാൻ" ഒരു വാഹനം നിർമ്മിച്ചു നൽകുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് നായ മുളന്തുരുത്തി തുപ്പുംപടി ഫയർ സ്റ്റേഷനിലെത്തിയത്. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകിയെങ്കിലും നായ അവശതയിലായിരുന്നു. മൃഗസ്നേഹികളെ അറിയിച്ചെങ്കിലും ആരുമെത്തിയില്ല. റോഡിലൂടെ ഇഴഞ്ഞുനീങ്ങാൻ ശ്രമിച്ചതിനാൽ ശരീരത്തിലെ തൊലിയും നഷ്ടമായി. ഇതുകണ്ട് മനസലിഞ്ഞ ജീവനക്കാരായ കെ.ബി.പ്രശാന്ത്,അഖിൽ കുമാർ,ആർ.രാജേഷ് എന്നിവർ നായയെ നടക്കാൻ സഹായിക്കാനുള്ള വഴി ആലോചിച്ചു.
വിദേശരാജ്യങ്ങളിൽ പിൻഭാഗം തളർന്ന നായ്‌ക്കൾക്കു വേണ്ടി പ്രത്യേക വണ്ടികളുണ്ടെങ്കിലും ഇവിടെ ലഭ്യമല്ല. വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്നത് പ്രായോഗികവുമല്ല. തുടർന്ന് യൂട്യൂബിലെ മാതൃകയിൽ പി.വി.സി പൈപ്പും ചക്രവും വാങ്ങി ഒരെണ്ണം നിർമ്മിക്കുകയായിരുന്നു. വാഹനത്തിനായി ചുരുങ്ങിയ ചെലവേ വേണ്ടി വന്നുള്ളൂ. വാഹനം ഘടിപ്പിച്ചതോടെ ഉഷാറായ നായ സഞ്ചരിക്കാൻ തുടങ്ങി. ഫയർ സ്റ്റേഷന്റെ കാവലും 'ഏറ്റെടുത്തു'. ഫയർ ഓഫീസർ ഇസ്മായിൽ ഖാന്റെ നേതൃത്വത്തിലാണ് നായയെ സംരക്ഷിക്കുന്നത്.
നടക്കാം, ഇരിക്കാം
ഫയർ സ്റ്റേഷനിലെ ഡ്രൈവറായ കെ.ബി.പ്രശാന്തിന് കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പിൽ മെക്കാനിക്കായുള്ള തൊഴിൽപരിചയം വാഹന
നിർമ്മാണത്തിന് തുണയായി. നടക്കാൻ മാത്രമല്ല, നായയ്ക്ക് ഇരിക്കാനും കഴിയുന്ന വിധത്തിലാണ് ഉപകരണത്തിന്റെ രൂപകല്പന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |