തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കാനിരിക്കെ വിഴിഞ്ഞത്ത് ബോംബ് ഭീഷണി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണി വ്യാജമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മലപ്പുറത്തെ ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. എന്നാലിത് എവിടെയാണെന്നതിൽ വ്യക്തതയില്ല. വിഴിഞ്ഞത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി. ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയാണ്.
നാളെ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ സന്ദർശനം പൂർത്തിയാക്കി ഇന്നു വൈകിട്ട് ഏഴിനുശേഷം തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി രാജ്‌ഭവനിൽ തങ്ങും. നാളെ രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന്റെ പ്രവർത്തനസൗകര്യങ്ങൾ നോക്കിക്കാണും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ഏഴു പേരാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാവുക. അത് ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തീരുമാനിക്കും. ഒന്നരമണിക്കൂറാണ് കമ്മിഷനിംഗ് ചടങ്ങ്. 12.30ന് ചടങ്ങ് പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.
കാശ്മീർ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞം കമ്മിഷനിംഗ് ചടങ്ങ് മാറ്റിവയ്ക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് അതിൽ മാറ്റമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ അറിയിച്ചത്. പഴുതടച്ച സുരക്ഷയാണ് ഇന്നും നാളെയും ക്രമീകരിച്ചിട്ടുള്ളത്. ഇന്നലെ സുരക്ഷാ ട്രയൽ നടന്നു. ഇന്നും സുരക്ഷാ ട്രയൽ ഉണ്ടാവും. ഇന്നും നാളെയും തലസ്ഥാനത്തും അനുബന്ധ റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്‌പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,സജി ചെറിയാൻ,മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എം.പിമാരായ ശശിതരൂർ,അടൂർ പ്രകാശ്,എ.എ.റഹീം,എം.വിൻസെന്റ് എം.എൽ.എ,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മേയർ ആര്യരാജേന്ദ്രൻ,അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |