രണ്ടാം ഗഡു ശമ്പള വിതരണവും വൈകുന്നു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സെപ്തംബറിലെ ശമ്പളക്കുടിശ്ശികയും രണ്ടു മാസത്തെ പെൻഷനും വിതരണം ചെയ്യണമെങ്കിൽ സർക്കാർ സഹായം നൽകണം.. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡുവാണ് നൽകാനുള്ളത്. ഈ മാസം സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും 30 കോടി മാത്രമാണ് ലഭിച്ചത്. അതിൽ ആദ്യ ഗഡു ശമ്പളം നൽകി. 20 കോടി രൂപ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷനാണ് കുടിശ്ശികയുള്ളത്. ഒരു മാസത്തെ കുടിശ്ശിക തീർക്കാൻ 80 കോടി ആവശ്യപ്പട്ട് ഫയൽ കൈമാറിയിരുന്നു. പഴയ രീതിയിൽ കൺസോർഷ്യം രൂപീകരിച്ച് തുക കൈമാറാമെന്ന നിർദേശം ധനവകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ നടപടികൾ ആരംഭിച്ചിട്ടില്ല. പലിശ തർക്കത്തിൽ കൺസോർഷ്യം ഇടപാട് തടസപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസങ്ങളിൽ പെൻഷനുള്ള തുക നേരിട്ട് കെ.എസ്.ആർ.ടി.സിക്ക് കൈമാറുകയായിരുന്നു. വീണ്ടും കൺസോർഷ്യം രീതിയിലേക്ക് നീങ്ങിയാൽ പെൻഷൻ വിതരണം വൈകും. പലിശയുടെ കാര്യത്തിൽ തീർപ്പാകേണ്ടതുണ്ട്.
പെൻഷൻ തുകയെ ആശ്രയിച്ച് ജീവിക്കുന്ന 40,000 പേരുടെ ജീവിതം ദുരിതത്തിലാണ്.മരുന്നിനും ചികിത്സയ്ക്കും പണമില്ലാതെ വലയുന്നവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാ മാസവും അഞ്ചിനുള്ളിൽ പെൻഷൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നടപ്പാക്കാറില്ല. കെ.എസ്.ആർ.ടി.സിക്കുള്ള വാർഷിക സാമ്പത്തിക സഹായത്തിൽ നിന്നാണ് പെൻഷനുള്ള തുകയും സർക്കാർ അനുവദിക്കുന്നത്. ഇത് കൃത്യമായി വിതരണം ചെയ്യാത്തതാണ് പെൻഷൻ വിതരണം താളം തെറ്റിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |