കൊച്ചി: 29ാമത് കൊൽക്കത്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കായി ഉണ്ണി കെ ആർ സംവിധാനം ചെയ്ത 'ഒങ്കാറ' തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമ വിഭാഗത്തിൽ മത്സരവിഭാഗത്തിലാണ് സെലക്ഷൻ ലഭിച്ചത്. സപ്തഭാഷാ സംഗമഭൂമിയായ കാസർകോടൻ മണ്ണിൽ നിന്നും മണ്ണിന്റെ മക്കളുടെ കഥപറയുന്ന ചിത്രമാണ് ഒങ്കാറ.
ഗോത്രവിഭാഗമായ മാവിലാൻ വിഭാഗത്തിന്റെ ഭാഷയായ മർക്കോടിയിൽ ഒരുക്കിയിരിക്കുന്ന ' ഒങ്കാറ ' ഭാഷ കൊണ്ടും ശ്രദ്ധേയമാണ്. ഈ ഭാഷയിൽ ഒരുക്കിയിരിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒങ്കാറ.
കാട് വീടാക്കിയ ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. പൂർവ്വകാലത്ത് കര നെൽകൃഷി നടത്തിയും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. അവരുടെ അതിജീവനത്തിന്റെ കഥകൂടിയാണ് ' ഒങ്കാറ'
സുധീർ കരമനയാണ് ഒങ്കാറയിൽ മുഖ്യവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീർ കരമനയെത്തുന്നത്. ആദിവാസി വിഭാഗമായ മാവിലാൻ സമൂഹത്തിന്റെ ഇടയിൽ സംസാരഭാഷയായി ഉപയോഗിക്കുന്ന മർക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്നപേരിൽ അറിയപ്പെടുന്ന മർക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്. മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളായി അടിമകളായി കഴിഞ്ഞിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്ന ഈ ചിത്രo ആറോളം പരമ്പരാഗത ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഒരുക്കിയിരിക്കുന്നതെന്ന്
ഗോത്രവിഭാഗങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈമോശം വന്നു കൊണ്ടിരിക്കുകയാണ്. ഭാഷയും സംസ്‌കാരവും കലയും ചരിത്ര താളുകളിലേയ്ക്ക് ആവാഹിക്കുകയെന്ന ദൗത്യമാണ് ഒങ്കാറയിലൂടെ നിർവ്വഹിച്ചിരിക്കുന്നതെന്ന്
സംവിധായകൻ പറയുന്നു.
ഗോത്രവിഭാഗത്തിന്റെ പഴയകാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഒങ്കാറയുടെ കഥ. പൂർണ്ണമായും ഉൾക്കാട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ആദിദ്രാവിഡ ഗോത്രഭാഷയായ മർക്കോടി മാത്രം സംസാരിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
പുറം ലോകം ഏറെ കണ്ടിട്ടില്ലാത്ത വിവിധ ഗോത്ര തെയ്യങ്ങളും മംഗലംകളിയും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗാനങ്ങളും ഒങ്കാറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ചിത്രത്തിൽ സുധീർ കരമനയ്ക്കൊപ്പം വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമൻ, സാധിക വേണുഗോപാൽ, അരുന്ധതി നായർ, രമ്യ ജോസഫ്, സജിലാൽ നായർ, ആഷിക് ദിനേശ്, ജിബു ജോർജ്ജ്, റാം വിജയ്, സച്ചിൻ, ഗാന്ധിമതി തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിതുര, കല്ലാർ, കാസർക്കോട് എന്നിവിടങ്ങളിലായിരുന്നു ഒങ്കാറയുടെ ചിത്രീകരണം നടന്നത്.
ക്രിസ്റ്റൽ മീഡിയ, വ്യാസചിത്ര, സൗസിനി മാസ്, എന്നിവയുടെ ബാനറിൽ സുഭാഷ് മേനോൻ, ജോർജ്ജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, സൗമ്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ, എഡിറ്റർ: സിയാൻ ശ്രീകാന്ത്, പ്രൊജക്റ്റ് കോ- ഓഡിനേറ്റർ: ഒ കെ പ്രഭാകരൻ. നിർമ്മാണ നിർവ്വഹണം: കല്ലാർ അനിൽ, മേക്കപ്പ് : ജയൻ പൂങ്കുളം, വസ്ത്രലങ്കാരം: ശ്രീജിത്ത്, ഷിനു ഉഷസ്. കല: അഖിലേഷ്. ശബ്ദസംവിധാനം: രാധാകൃഷ്ണൻ, സംഗീതം: സുധേന്ദു രാജ്, പി ആർ ഒ: എ എസ് ദിനേശ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |