
പാലാ: വാഹന പരിശോധനയ്ക്കിടെ കാർ നിറുത്തിയില്ലെന്ന് ആരോപിച്ച് പോളിടെക്‌നിക്ക് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പാലാ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ കേസെടുത്തു. രണ്ട് പൊലീസുകാരാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇന്നലെ വൈകിയാണ് കേസെടുത്തത്.
പെരുമ്പാവൂർ വളയൻചിറങ്ങര കണിയാക്കപ്പറമ്പിൽ മധു, നിഷ ദമ്പതികളുടെ മകൻ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥി കെ.എം പാർത്ഥിപനാണ് (18) മർദ്ദനമേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പാർത്ഥിപൻ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിലാണ്.
പാർത്ഥിപൻ സുഹൃത്തിനെ കാണാനായി കാറിൽ പോകവേ ഞായറാഴ്ച വൈകിട്ട് പാലായിലായിരുന്നു സംഭവം. കൈകാണിച്ചിട്ടും നിറുത്താതെ പോയെന്ന് ആരോപിച്ച് പൊലീസ് പിന്തുടർന്നെത്തി കാർ തടഞ്ഞ് മർദ്ദിച്ചെന്നാണ് പരാതി. കൈ കാണിച്ചത് കണ്ടില്ലെന്ന് പറഞ്ഞെങ്കിലും കാർ പരിശോധിച്ചശേഷം സാധനം എവിടെയെന്ന് ചോദിച്ചു.
ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും ജീപ്പിൽക്കയറ്റി സ്റ്റേഷനോടു ചേർന്നുള്ള കാന്റീനു സമീപത്തെത്തിച്ചു. രണ്ടു പൊലീസുകാരെത്തി എം.ഡി.എം.എ എവിടെയെന്നു ചോദിച്ച് മുടിക്ക് കുത്തിപ്പിടിച്ച് നട്ടെല്ലിന് ചവിട്ടി. ആരോടെങ്കിലും പറഞ്ഞാൽ വേറെ കേസുകളിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. പാർത്ഥിപന്റെ നട്ടെല്ലിന്റെ വലതുഭാഗത്ത് രണ്ടുപൊട്ടലും ഇടതുഭാഗത്ത് ഒരു പൊട്ടലുമുണ്ട്.
അന്വേഷണം ആവശ്യപ്പെട്ടതോടെ ഒത്തുതീർപ്പാക്കാമെന്നുപറഞ്ഞ് തിങ്കളാഴ്ച വൈകിട്ട് ചില പൊലീസുകാർ എത്തിയെന്ന് പാർത്ഥിപന്റെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം, കാർ കൈകാണിച്ചിട്ടും നിറുത്താതെ പോയെന്നും പിന്തുടർന്നെത്തി അശ്രദ്ധമായ ഡ്രൈവിംഗിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും ട്രാഫിക് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |