കൊച്ചി: പ്രമുഖ അമേരിക്കൻ വാഹന കമ്പനിയായ ടെസ്‌ല അടുത്ത വർഷമാദ്യം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയേക്കും. ഇതിനായി വിവിധ വകുപ്പുകളുടെ അനുമതികൾ അതിവേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനായി ടെസ്‌ല ഉൾപ്പെടെയുള്ള ആഗോള കമ്പനികളുടെ നിക്ഷേപ അപേക്ഷകളിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല വരുന്നതോടെ രാജ്യത്തെ വൈദ്യുത വാഹന വിപണിയിൽ വിപ്ളവകരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെയും ഹെവി ഇൻഡസ്ട്രീസ്, ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജൂണിൽ അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇലോൺ മസ്ക്കുമായി ഇന്ത്യയിലെ നിക്ഷേപം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അടുത്ത വർഷത്തെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ടെസ്‌ലയുടെ ഇന്ത്യ പ്രവേശനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉയർന്ന നികുതി പ്രധാന തലവേദന
വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന ഉയർന്ന നികുതിയാണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ പ്രവേശനത്തിലുള്ള ഏറ്റവും വലിയ വെല്ലുവിളി. നിലവിൽ ക്രൂഡോയിൽ അടിസ്ഥാനമായി ഓടുന്ന വാഹനങ്ങൾക്ക് തത്തുല്യമായ 60 ശതമാനം നികുതിയാണ് വൈദ്യുതി വാഹനങ്ങൾക്കും ഇന്ത്യ ഈടാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കണമെന്നാണ് ടെസ്ലയുടെ ആവശ്യം. ഇന്ത്യയിൽ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിന് മുൻപ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച് സാധ്യതകൾ പരിശോധിക്കാനാണ് ടെസ്‌ലയുടെ ശ്രമം. ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടയ വിൽപ്പന കുത്തനെ കൂടുന്നതാണ് ടെസ്‌ലയ്ക്കും ആവേശം സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |