കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്റെ ജനനം. വിദ്യാഭ്യാസത്തിനുശേഷം സെയിൽസ്‌മാനായി ജോലി നോക്കിയിരുന്നു. ഇതിനൊപ്പംതന്നെ നാടകവേദികളിലും സജീവമായി. തുടർന്നാണ് കലാഭവനിൽ എത്തിച്ചേരുന്നത്. പിന്നീട് ട്രൂപ്പിലെതന്നെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറുകയായിരുന്നു.
മിമിക്രി വേദികളിലൂടെയാണ് ഹനീഫ് സിനിമയിലെത്തിയത്. ചെപ്പ് കിലുക്കണ ചങ്ങാതിയാണ് ആദ്യചിത്രം. പറക്കും തളിക എന്ന സിനിമയിലെ മണവാളന്റെ കഥാപാത്രമുൾപ്പെടെ നിരവധി കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഇതിനോടകംതന്നെ 150ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ് സെറ്റാണ് അവസാന ചിത്രം.
വാഹിദയാണ് ഹനീഫിന്റെ ഭാര്യ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്. സംസ്‌കാരം നാളെ മട്ടാഞ്ചേരിയിൽ.
നടൻ ദിലീപ്, സംവിധായകനും നടനുമായ മേജർ രവി, നടനും മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം ഉൾപ്പെടെയുള്ളവർ സമൂഹമാദ്ധ്യമത്തിലൂടെ ഹനീഫിന് ആദരാജ്ഞലികൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |