കൊച്ചി: ദത്തുപുത്രിയുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ ദത്ത് റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ ഹർജി. പെൺകുട്ടിയുമായി സംസാരിച്ച് വിശദമായ റിപ്പോർട്ടു നൽകാൻ ഹൈക്കോടതി തിരുവനന്തപുരം ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഹർജി നവംബർ 17നു വീണ്ടും പരിഗണിക്കും. റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്.
ഹർജിക്കാരുടെ ഏകമകൻ 2017 ജനുവരി 14ന് കാറപകടത്തിൽ മരിച്ചു. 23 വയസുള്ള മകന്റെ മരണം തളർത്തിയെന്നും ദുഃഖം മറികടക്കാനാണ് കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചതെന്നും ഹർജിക്കാർ പറയുന്നു. കേരളത്തിൽ നിന്ന് ദത്തെടുക്കാൻ കാലതാമസമുള്ളതിനാൽ പഞ്ചാബിലെ ലുധിയാനയിലുള്ള നിഷ്‌കാം സേവാ ആശ്രമത്തിൽ നിന്ന് 13കാരിയെ 2018 ഫെബ്രുവരി16ന് നിയമപ്രകാരം ദത്തെടുത്തു. കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള സൗകര്യങ്ങളും ഒരുക്കി.
ഉത്തരേന്ത്യയിൽ നിന്നുള്ള പെൺകുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാൻ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഒത്തുപോവില്ലെന്നുവന്നതോടെ കുട്ടിയെ 2022 സെപ്തംബർ 29നു തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു. പെൺകുട്ടി മുതിർന്നതോടെ സ്വാദർ ഹോമിലേക്ക് മാറ്റി.
ദത്തെടുത്ത നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയയ്ക്കണമെന്നാണ് ദമ്പതികളുടെ ആവശ്യം. ഈയാവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. എന്നാൽ, 2017ലെ ദത്തെടുക്കൽ റെഗുലേഷൻസ് പ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് 2022 ഡിസംബർ12 നു ഹർജി തീർപ്പാക്കി. ഈവർഷം കേന്ദ്രസർക്കാർ ദത്തെടുക്കൽ റെഗുലേഷൻ പരിഷ്കരിച്ചു. ഇതനുസരിച്ച് ജില്ലാകളക്ടർ മുഖേനയാണ് ദത്തെടുക്കൽ റദ്ദാക്കാൻ നടപടി സ്വീകരിക്കേണ്ടത്. കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടിയെ തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമവും തയ്യാറായില്ല. തുടർന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
രക്ഷിതാക്കൾക്ക് തന്നോടൊപ്പം കഴിയാൻ ഇഷ്ടമില്ലാത്തതിനാലാണ് താൻ സ്വാദർ ഹോമിൽ കഴിയുന്നതെന്ന് പെൺകുട്ടി പറഞ്ഞതായി സർക്കാർ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പെൺകുട്ടിയുമായി സംസാരിച്ചു റിപ്പോർട്ടു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ദമ്പതികളുടെ സങ്കടം
ചിലപ്പോൾ അക്രമസ്വഭാവം കാണിക്കുന്ന മകൾ ഭക്ഷണം കഴിക്കാതെ മുറിയടച്ചിരിക്കും. ഞങ്ങൾ ദത്തെടുക്കുന്നതിനു മുമ്പ് മറ്റൊരു ഉത്തരേന്ത്യൻ കുടുംബം കുട്ടിയെ ദത്തെടുത്തതാണെന്നും അവർ റദ്ദാക്കി ആശ്രമത്തിൽ തിരിച്ചെത്തിച്ചതാണെന്നും കുട്ടി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ പഠിക്കാൻ താത്പര്യമില്ലെന്നും ഹിന്ദിമേഖലയിൽ പഠിക്കണമെന്നും മകൾ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മലയാളി അദ്ധ്യാപകർ മദ്ധ്യപ്രദേശിൽ നടത്തുന്ന ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തു. അവിടെയും അക്രമസ്വഭാവം തുടർന്നു. ഒടുവിൽ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞങ്ങൾ അവളെ തിരിച്ചുകൊണ്ടുവന്നത്. 2021ൽ എന്റെ ഭാര്യയെ ആക്രമിച്ച് വീട് വിട്ടുപോകാൻ ശ്രമിച്ചു. തുടർന്ന് മാനസികാരോഗ്യ ചികിത്സയും നൽകേണ്ടി വന്നു.
(കുട്ടിയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാവ് ശിശുക്ഷേമ സമിതി ചെയർപേഴ്‌സണു നൽകിയ അപേക്ഷയിൽ നിന്ന്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |