ശ്രീലങ്കയെ 5 വിക്കറ്റിന് കീഴടക്കി ന്യൂസീലൻഡ്
ലോകകപ്പ് സെമിയോഗ്യത ഏറെക്കുറെ ഉറപ്പിച്ചു
പാകിസ്ഥാനൊ അഫ്ഗാനിസ്ഥാനൊ ന്യൂസിലൻഡിനെ
മറികടന്ന് സെമിയിലെത്തണമെങ്കിൽ അദ്ഭുതം സംഭവിക്കണം
ബംഗളൂരു: ലോകകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ 5 വിക്കറ്റിന് കീഴടക്കി ന്യൂസിലൻഡ് സെമി ടിക്കറ്റ് ഏറെക്കുറെ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.4 ഓവറിൽ 171 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് വെറും 23.2 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (172/5).
ഏറെ മുന്നിൽ കിവീസ്
9 മത്സരങ്ങളിൽ നിന്ന് 5 ജയമുൾപ്പെടെ 10 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്ന ന്യൂസിലൻഡ് മികച്ച റൺ റേറ്റിന്റെ (+0.743) പിൻബലത്തിൽ സെമിപ്രതീക്ഷ ഏറെ സജീവമാക്കി നിറുത്തിയിരിക്കുകയാണ്. ഇനി അഞ്ചാംസ്ഥാനത്തുള്ള പാകിസ്ഥാനും ആറാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനും സെമിയിലെത്തിക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. വളരെ ഉയർന്ന മാർജിനിൽ ജയം നേടിയാലെ ഇരുടീമിനും സെമി സാധ്യതയുള്ളൂ. ന്യൂസിലൻഡിനെ മറികടന്ന് ഇന്ത്യയുമായുള്ള സെമി മത്സരം കളിക്കാൻ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ ആദ്യ ബാറ്റിംഗാണെങ്കിൽ 287 റൺസിന്റെ ജയം നേടണം. ആദ്യം ബൗളിംഗാണെങ്കിൽ സാധ്യതകൾ ഏറെക്കുറെ അസാധ്യമാണ്. ഇംഗ്ലണ്ട് 150 റൺസാണ് വിജയലക്ഷ്യമായി വെയ്ക്കുന്നതെങ്കിൽ പാകിസ്താന് നെറ്റ് റൺറേറ്റിൽ മുന്നിലെത്താൻ 3.4 ഓവറിലെങ്കിലും ലക്ഷ്യം മറികടക്കണം. 200 റൺസാണെങ്കിൽ 4.2 ഓവറിലും 250 ആണെങ്കിൽ 5.2 ഓവറിലും മറികടക്കണം.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 438 റൺസിന്റെ ജയം നേടിയാലെ അഫ്ഗാനിസ്ഥാന് ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കാനാകൂ.അതേസമയം ശ്രീലങ്ക കളിച്ച 9 മത്സരങ്ങളിൽ ഏഴിലും തോറ്രാണ് ലോകകപ്പ് അവസാനിപ്പിക്കുന്നത്.
ന്യൂസിലൻഡ്
ആധിപത്യം
ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്ടൻ കേൻവില്യംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ ലങ്കയുടെ വിശ്വസ്തനായ ഓപ്പണർ പതും നിസ്സാങ്കയെ കീപ്പർ ലതാമിന്റെ കൈയിൽ എത്തിച്ച് ടീം സൗത്തിയാണ് കിവീസിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അഞ്ചാം ഓവറിൽ കുശാൽ മെൻഡിസിനെയും (6), സദീര സമര വിക്രമയേയും (1) പുറത്താക്കി ട്രെൻഡ് ബൗൾട്ട് ലങ്കയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. കിവി ബൗളിംഗിന് മുന്നിൽ ചൂളിപ്പോയ ലങ്കൻ ബാറ്റിംഗ് നിരയ്ക്ക് പിന്നീട് മേധാവിത്വം നേടാനായില്ല. ഒരറ്രത്ത് വികകറ്റുകൾ പോകുമ്പോഴും പതറാതെ 28 പന്തിൽ 9 ഫോറും 2 സ്കിസും ഉൾപ്പെടെ 28 പന്തിൽ 51 റൺസ് നേടിയ ഓപ്പണർ കുശാൽ പെരേരയാണ് ലങ്കയുടെ ടോപ് സ്കോറർ. മഹാഷ് തീക്ഷണ 91 പന്ത് നേരിട്ട് 38 റൺസുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റിൽ തീക്ഷണ ദിൽഷൻ മധുഷനാകയ്ക്കൊപ്പം (19) ചേർന്ന് 87 പന്തിലുണ്ടാക്കിയ 45 റൺസാണ് ലങ്കൻ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.
ന്യൂസിലൻഡിനായി 3 വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബൗൾട്ടാണ് മാൻഓഫ്ദ മാച്ച്. രചിൻ രവീന്ദ്ര, ലോക്കി ഫെർഗുസൻ, മിച്ചൽ സാന്റ്നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ അതിവേഗം വിജയലക്ഷ്യത്തിലെത്തി നെറ്റ് റൺറേറ്റ് ഉയർത്താനായിരുന്നു ന്യൂസിലൻഡിന്റെ ശ്രമം. ഡെവോൺ കോൺവേയും (45), രചിൻ രവീന്ദ്രയും (42) വെടിക്കെട്ട് തുടക്കമാണ് ന്യൂസിലൻഡിന് നൽകി.യത്. ഇരുവരും 12.2 ഓവറിൽ 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ തന്നെ കിവീസ് ജയമുറപ്പിച്ചു. കോൺവേയെ പുറത്താക്കി ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ രചിൻ തക്ഷണയുടെ പന്തിൽ പുറത്തായി. വില്യംസൺ (14), മാർക് ചാപ്മാൻ (7) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ഡാരിൽ മിച്ചൽ 31 പന്തിൽ 5 ഫോറും 2 സിക്സും ഉൾുപ്പെടെ 42 റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിനടുത്തെത്തിച്ചിട്ടാണ് മാത്യൂസിന്റെ പന്തിൽ പുറത്തായത്. ഗ്ലെൻ ഫിലിപ്സ് (17), ടോം ലതാം (2) എന്നിവർ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി മാത്യൂസ് രണ്ട് വിക്കറ്റ് വീഴ്ത്തി .
അഫ്ഗാന് ആഫ്രിക്കൻ വെല്ലുവിളി
സെമിയിലേക്ക് വളരെ നേരിയ സാധ്യതമാത്രമുള്ള അഫ്ഗാനിസ്ഥാൻ ഇന്ന് അവസാന ലീഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുമായി ഏറ്രുമുട്ടും. അഹമ്മദാബാദിൽ ഉച്ചകഴിഞ്ഞ് 2 മുതലാണ് മത്സരം.
നേരത്തേ തന്നെ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ വഴങ്ങിയ തോൽവിയുടെ സങ്കടം മാറ്റി വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനെ നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ വിജയത്തിന്റെ പടിവാതിലിൽ നിന്ന് ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഒറ്റയാൾ പ്രകടനത്തിന് മുന്നിൽ കളികൈവിട്ട അഫ്ഗാന്റെ സെമി പ്രതീക്ഷകൾക്ക് മേലും അതോടെ കരിനിഴൽ വീഴുകയായിരുന്നു.
ചില റെക്കാഡുകൾ
അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര. രചിൻ ഇതുവരെ 565 റൺസ് നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോയുടെ പേരിലുണ്ടായിരുന്ന റെക്കാഡാണ് (532) രചിൻ മറികടന്നത്. 25 വയസിൽ താഴെയുള്ളവരിൽ അരങ്ങേറ്റത്തിൽ ഏറ്രവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കാഡ് സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് രചിൻ സ്വന്തമാക്കി.
ലോകകപ്പിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ കിവി ബൗളറാണ് ബൗൾട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |