ശ്രീ നാരായണ ഗുരുദേവന്റെ ആദ്യ ബാലാലയ പ്രതിഷ്ഠയിലൂടെ ചരിത്രത്തിന്റെ ഭാഗമായ അരുമാനൂർ നയിനാർ ദേവ ക്ഷേത്രം പുന:പ്രതിഷ്ഠയുടെ നവതി നിറവിൽ. ശിവപാർവതിമാർ കൈതാര വേഷത്തിൽ നയിനാർ -നാച്ചിയാർ ഭാവത്തിൽ കുടികൊള്ളുന്നതിന്റെ മഹത്തായ ഐതിഹ്യം പേറുന്ന കേരളത്തിലെ ഏക ക്ഷേത്രം. ശിവശക്തിയിൽ വിലയം പ്രാപിച്ച മഹാശിവയോഗിയുടെ സമാധി പീഠം. ഇത്തരം അപൂർവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ ശൈവസിദ്ധന്മാർ അധിവസിച്ചിരുന്ന തമിഴ്നാട്ടിലെയും ആന്ധ്രാ പ്രദേശിലെയും ചില ഗ്രാമങ്ങളിൽ ദൃശ്യം. തന്നെക്കാൾ വലിയൊരു വില്ലാളിയില്ലെന്ന അർജുനന്റെ അഹങ്കാരം ശമിപ്പിച്ച് പാശുപതാസ്ത്രം നൽകുന്നതിന് ശിവപാർവതിമാർ കാട്ടാളവേഷം ധരിച്ച് പുറപ്പെടുന്ന ഭാവത്തിലാണ് ഇവിടത്തെ നയിനാർ, നാച്ചിയാർ പ്രതിഷ്ഠകൾ.
മരുത്വാമലയിലെ ദീർഘ തപസിലൂടെ സിദ്ധിച്ച ദിവ്യ ജ്ഞാനത്തിനും അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്കും ശേഷം അവധൂതനായി സഞ്ചരിക്കുന്ന കാലത്ത് രമണീയമായ അരുമാനൂർ നദീതീരം ഗുരുദേവന്റെ വിശ്രമ കേന്ദ്രങ്ങളിലൊന്നായി. ഇവിടെ കുടികൊണ്ട ശിവ ചൈതന്യം ഗുരുദേവന്റെ ദിവ്യദൃഷ്ടിയിൽ പതിഞ്ഞു. ഭക്തജനങ്ങളെ അക്കാര്യം ധരിപ്പിച്ച ഗുരുദേവൻ ശിവന്റെ ശിലാവിഗ്രഹത്തെ ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. നയിനാർ ദേവനെ സ്തുതിച്ച് ഗുരുദേവൻ രചിച്ചതാണ് വിഖ്യാതമായ തമിഴ് തേവാരപ്പതികങ്ങളിലെ നയിനാർ പതികം. ഗുരുകൽപ്പന ശിരസാ വഹിച്ച് ശിഷ്യൻ ഭൈരവൻ ശാന്തിയാണ് (അരുവിപ്പുറം ശിവക്ഷേത്രത്തിലെ പ്രഥമ ശാന്തി) 90 വർഷം മുമ്പ് പുന: പ്രതിഷ്ഠ നടത്തിയത്.
ദിവ്യാനുഭൂതി പകർന്ന ഗുരു-ശിഷ്യ സംഗമം
ഗുരുദേവനും പ്രഥമ ശിഷ്യരിലൊരാളായ നാണുവും (നിശ്ചലദാസ സ്വാമികൾ ) തമ്മിൽ അരുമാനൂർ നയിനാർ ദേവ ക്ഷേത്രസന്നിധിയിൽ നടന്ന അവാച്യവും അനുഭൂതിദായകവുമായ ഒരു കൂടിക്കാഴ്ച, നിശ്ചലദാസ സ്വാമികളെക്കുറിച്ചുള്ള പുസ്തകത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിവരിക്കുന്നുണ്ട്.
ഗുരുദേവൻ അരുമ ശിഷ്യൻ നാണുവിനെയും കൂട്ടി ഒരു യാത്രയ്ക്കൊരുങ്ങി. പല പുണ്യ സ്ഥലങ്ങളും സന്ദർശിച്ച് ഒടുവിൽ അരുമാനൂരിലെത്തി. നയിനാർ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന നെയ്യാറിന്റെ കൈവഴിയായ മുട്ടയാർ. ഗുരുദേവൻ ശിഷ്യനെയും കൂട്ടി നദിയിലിറങ്ങി. ഗുരുദേവൻ അവിടെക്കണ്ടൊരു പാറപ്പുറത്ത് ഉപധാനം ചെയ്തു. കാൽ വെള്ളത്തിലേക്കിട്ട് ആത്മനിഷ്ഠനായി. ശിഷ്യനായ നാണു സന്യാസി ആ പരബ്രഹ്മ സ്വരൂപത്തെ ഭക്തിയോടെ നോക്കി നിലകൊണ്ടു. ഗുരുസേവയ്ക്കായി ശിഷ്യൻ നദിയിലേക്കിറങ്ങി. വെള്ളത്തിൽ ഒരു സുഖാസനമൊരുക്കി. ഗുരുവിന്റെ വലതു തൃപ്പാദം ശിഷ്യൻ ഇടംകൈയിൽ വച്ചു. അതിനെ മൂർത്തമാർന്ന ബ്രഹ്മസ്വരൂപമായി പ്രതിഷ്ഠിച്ചു. വലതുകൈകൊണ്ട് ബ്രഹ്മവിഗ്രഹമായ ആ തൃപ്പാദത്തെ നദീജല ധാരയിൽ അഭിഷേകം ചെയ്തു.
ആ പുണ്യതീർത്ഥം വലതു കൈയിലേന്തി ആചമനം ചെയ്തുകൊണ്ടിരുന്നു. ശിഷ്യന്റെ അതിമഹത്തായ ഗുരുപൂജയായി അതു മാറി. മണിക്കൂറുകൾ കഴിഞ്ഞു. ഗുരുദേവൻ ഉണർന്നപ്പോൾ കണ്ടത് ശിഷ്യന്റെ മഹാഗുരു പൂജ.
ഗുരുശിഷ്യ പാരസ്പര്യത്തിൽ നിന്നു മാത്രമുണരുന്ന പരിപക്വാവസ്ഥ തൊട്ടറിഞ്ഞ ഗുരുദേവൻ ആ പുണ്യ മുഹൂർത്തത്തെ ശക്തിനിപാതമെന്ന ദിവ്യദീക്ഷയിലൂടെ അനുഗ്രഹിച്ചു. ആ കൈത്തലം ശിഷ്യന്റെ ശിരസിലേക്ക് മെല്ലെ അമർന്നു. ശിഷ്യൻ ബാഹ്യബോധമറ്റ് അതിലേക്കമർന്നു. പരമഹംസനായ ഗുരുപാദർ പക്വതയും യോഗ്യതയും വന്ന ശിഷ്യനെ അലൗകികമായ ആത്മീയാനുഭൂതിയിലേക്കു നയിച്ചു. അരുമാനൂർ നയിനാർ ക്ഷേത്രത്തിനു പടിഞ്ഞാറ് വലിയതോട്ടത്തുള്ള നിശ്ചലദാസ സ്വാമികളുടെ സമാധി ക്ഷേത്രവും നയിനാർ ക്ഷേത്രമെന്ന പോലെ ഗുരുദേവ ഭക്തുടെ തീർത്ഥാടന കേന്ദ്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |