SignIn
Kerala Kaumudi Online
Wednesday, 09 July 2025 8.57 AM IST

പയ്യക്ക് ശേഷം മഴയുടെ മനോഹാരിതയിൽ തമന്നയുടെ ഡാൻസ്, ബാന്ദ്രയുടെ രഹസ്യങ്ങൾ അറിയാം

Increase Font Size Decrease Font Size Print Page
bandra

തെലുങ്ക് സിനിമയുടെ വലിപ്പം അറിയാവുന്നതുകൊണ്ടുതന്നെ ബാഹുബലി വന്നപ്പോൾ മലയാളി അത്രയ‌്ക്കങ്ങ് ഞെട്ടിയില്ല. എന്നാൽ അധികം ആരും ശ്രദ്ധിക്കാതെ കന്നഡ സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കെജിഎഫ് എന്ന പേരിലെത്തിയ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയും, പിന്നാലെ വന്ന കാന്താര, തരംഗം സൃഷ്‌ടിക്കുകയും ചെയ‌്തതോടെ മലയാളി ചോദിച്ചു തുടങ്ങി... എന്തു ചോദിച്ചു തുടങ്ങി എന്നല്ലേ? അതുപോലൊക്കെ ഇനി നമുക്കെന്നാണെന്ന്? ബോളിവുഡ് ഭരിച്ചിരുന്ന ഇന്ത്യൻ സിനിമാ വ്യവസായത്തെ തെന്നിന്ത്യൻ സിനിമാ ലോകം അമ്മാനമാടുന്ന കാഴ്‌ചയാണ് ഈ വർത്തമാനകാലം കാട്ടിത്തരുന്നത്. മലയാളത്തിലെ സൂപ്പ‌ർ താരങ്ങളടക്കം പാൻ ഇന്ത്യൻ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അത്തരത്തിലൊരു പ്രതീക്ഷ നൽകി എത്തിയ ചിത്രമാണ് ജനപ്രിയ നായകൻ ദിലീപിന്റെ 'ബാന്ദ്ര'. ഉദയകൃഷ്‌ണയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ‌്ത ബാന്ദ്ര നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്.

ബാന്ദ്രയുടെ പോസ്‌റ്റർ പുറത്തുവന്നപ്പോൾ തന്നെ ദിലീപിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുടിയും താടിയും നീട്ടി വളർത്തി സ്‌റ്റൈലിഷ് ലുക്കിൽ എത്തുന്ന ദിലീപിന്റെ അലൻ അലക്‌സാണ്ടർ ഡൊമിനിക്കിനെ അദ്ദേഹത്തിന്റെ ആരാധകർക്ക് ഇഷ്‌ടപ്പെടും.

dileep

ആല എന്ന് അടുപ്പക്കാർ വിളിക്കുന്ന അലനിലേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ടുപോകുന്നത് മംമ്‌ത മോഹൻദാസിന്റെ 'സാക്ഷി'യാണ്. വർഷങ്ങളായി അസിസ്‌റ്റന്റ് ഡയറക്‌ടറായി പ്രവർത്തിക്കുന്ന സാക്ഷിക്ക് നല്ലൊരു ചിത്രം സംവിധാനം ചെയ്തെങ്കിൽ മാത്രമേ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്ന സ്ഥിതിയാണ്. അങ്ങനെയാണ് അപ്രതീക്ഷിതമായി താരാ ജാനകി എന്ന പേരിലേക്ക് എത്തുന്നത്. സിനിമയുടെ പേര് ബാന്ദ്ര എന്നാണെങ്കിലും അധികവും കേൾക്കാൻ കഴിയുക താരാ ജാനകി എന്നുതന്നെയാണ്. നായിക തമന്നയുടെ കഥാപാത്രമാണ് താരാ ജാനകി. തമന്നയുടെ ആദ്യ മലയാളചിത്രമാണ് ബാന്ദ്ര. അതുകൊണ്ടാകാം ഒരു പക്ഷേ തിരക്കഥാകൃത്തും സംവിധായകനും പേരിന് ഇത്രയധികം പ്രാധാന്യം നൽകിയിട്ടുണ്ടാവുക.

എന്തായാലും പയ്യക്ക് ശേഷം മഴയത്തുള്ള തമന്നയുടെ ഡാൻസ് കാണാൻ ബാന്ദ്രയിൽ പ്രേക്ഷകന് അവസരമുണ്ട്. മാത്രമല്ല രജനി ചിത്രം ജയിലറിൽ പോലും ലഭിക്കാത്ത അഭിനയ സാദ്ധ്യതകൾ ബാന്ദ്രയിൽ സംവിധായകനും തിരക്കഥാകൃത്തും തമന്നയ‌്ക്കായി മാറ്റിവച്ചിരുന്നു എന്നതു തന്നെയാകാം ബാന്ദ്രയിലേക്ക് അവരെ ഹഠാദാകർഷിച്ചത്. ക്ഷമിക്കണം, നായികയുടെ വിശേഷത്തിനിടെ നായകനെ കുറിച്ച് കൂടുതൽ പറയാൻ മറന്നു.

bandra-dileep

ആലയുടെ കിടിലൻ ലുക്കിനെ പറ്റി ആദ്യം സൂചിപ്പിച്ചല്ലോ? തുടക്കത്തിൽ കേരളത്തിലെ ഒരു ഡോൺ ആണ് ആല എന്നൊക്കെ നമുക്ക് തോന്നും. പത്തിരുപത് ഫിഷിംഗ് ബോട്ടുകളൊക്കെയുള്ള ആലയ്‌ക്ക് സ്വന്തമായി മറ്റൊന്നു കൂടിയുണ്ട്. പ്രിയപ്പെട്ട അമ്മച്ചി റോസമ്മ. അല്ല അതുമാത്രമല്ല, ഗണേശ് കുമാർ അവതരിപ്പിക്കുന്ന ബാവുക്കയും. കേരള പൊലീസിന് പോലും കഴിയാത്ത ഒരു പ്രതിയെ പിടിക്കാൻ വെറും ഒറ്റ രാത്രി മാത്രമാണ് ആലയ‌്ക്കും ഗ്യാംഗിനും വേണ്ടിവന്നത്. അതും അങ്ങ് മുംബയിൽ പോയി. മാത്രമല്ല, കേരളത്തിലെ മുഴുവൻ പൊലീസുകാരും അന്വേഷിച്ച് നടന്ന താരാ ജാനകിയെ തട്ടുകടയിലും ബീച്ചിലുമെല്ലാം കൊണ്ടുപോയി ചുറ്റിയടിക്കുക എന്നത് ആലയ‌്ക്ക് മാത്രമേ കഴിയൂ. ഇപ്പോൾ മനസിലായി കാണുമല്ലോ ആല എത്രത്തോളം പവ‌ർഫുൾ ആണെന്ന്.

tamannah-dileep

ഇനി മറ്റു കഥാപാത്രങ്ങളിലേക്ക് വന്നാൽ, കലാഭവൻ ഷാജോൺ തനിക്ക് ലഭിച്ച മിർച്ചി എന്ന കഥപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. ദിലീപിന്റെ അമ്മച്ചി റോസമ്മയായി എത്തിയ ഈശ്വരി റാവുവും വേഷം മികച്ചതാക്കി. വില്ലനെ കുറിച്ച് പറയുന്നതിന് മുമ്പ് സിദ്ദിഖ്, ലെന, ശരത് കുമാർ എന്നിവരുടെ കാര്യങ്ങൾ കൂടി പറയാം. മറ്റൊന്നുമല്ല, കിട്ടിയ കഥാപാത്രങ്ങളെ അവരും നന്നാക്കി. വില്ലനിലേക്ക് വന്നാൽ ബോളിവുഡ് സുന്ദരൻ ദിനോ മോറിയയാണ് ആ കർമ്മം നിർവഹിച്ചത്. റാസിലൊക്കെ നമ്മൾ കണ്ടുകൊതിച്ച ഈ മൊഞ്ചൻ രാഘവേന്ദ്ര ദേശായി എന്ന വില്ലൻ കഥാപാത്രമായി ആറാടിയിട്ടുണ്ട്. കോമഡിക്കായിരുന്നെങ്കിൽ വി.ടി.വി ഗണേശിനെ കൊണ്ടുവരണമെന്നുണ്ടായിരുന്നില്ല.

dino-morea

പ്രേക്ഷകന്റെ 'മനസറിഞ്ഞ്' തിരക്കഥയൊരുക്കുന്നയാളാണ് ഉദയകൃഷ്‌ണ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പ്രേക്ഷകൻ വിചാരിക്കുന്നതിനപ്പുറം തിരക്കഥയിൽ എഴുതാറില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് ബാന്ദ്രയിലും തെറ്റിയില്ല. അൻപറിവ്, നിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ഫൈറ്റ്. വില്ലന്റെ കൈയിൽ നിന്ന് പത്തമ്പത് വെട്ടുംകുത്തും കിട്ടിയിട്ടും പരമിതമായ അവസരങ്ങൾ മാത്രമാണ് നായകന് അൻപറിവിനെ പോലുള്ളവർ നൽകിയതെന്നുള്ള പരാതി അറിയിക്കട്ടെ.

രാമലീലയ‌്ക്ക് ശേഷം ദിലീപ് ചിത്രവുമായി എത്തുമ്പോൾ പ്രേക്ഷകൻ എന്തായിരിക്കും പ്രതീക്ഷിച്ചിട്ടുണ്ടാവുകയെന്ന് അരുൺ ഗോപി തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. എന്തായാലും തന്റെ ആഗ്രഹം മംമ്‌തയുടെ കഥാപാത്രത്തിലൂടെ ക്ളൈമാക്‌സിൽ അരുൺ ഗോപി വ്യക്തമാക്കിയിട്ടുണ്ട്. സിനിമയ‌്ക്കകത്ത് നീതികേട് കാട്ടിയെന്ന് പറയാനാണെങ്കിൽ അത് മിർച്ചിയോട് മാത്രം. പടം കണ്ടവർക്ക് ഇപ്പറഞ്ഞത് കലങ്ങും.

സാം എസിന്റെ സംഗീതം അടിപൊളിയായിട്ടുണ്ട്. ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഗംഭീരം. ബാന്ദ്രയുടെ രഹസ്യങ്ങളറിയാൻ പ്രേക്ഷകന് ടിക്കറ്റെടുക്കാം.

(Content summary: Dileep movie Bandra review)

TAGS: BANDRA MOVIE, REVIEW, BANDRA MOVIE REVIEW, DILEEP, TAMANNAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.