കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിനുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഇനി തെളിവെടുക്കാനുള്ളത് സ്ഫോടനത്തിനുപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ്.ഇന്നലെ കൊരട്ടിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ സ്ഫോടനം നടത്താൻ ഉപയോഗിച്ച റിമോട്ടുകൾ കണ്ടെടുത്തിരുന്നു.മാർട്ടിൻ സഞ്ചരിച്ച സ്കൂട്ടറിലായിരുന്നു ഇവ ഉണ്ടായിരുന്നത്.വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകൾ സൂക്ഷിച്ചിരുന്നത്.
നാലുദിവസം കൂടി മാത്രമാണ് ഡൊമിനിക്ക് മാർട്ടിന്റെ കസ്റ്റഡി കാലാവധി ഉള്ളത്. ഇത് തീരുന്നതിനിടെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷ സംഘത്തിന്റെ ലക്ഷ്യം. അതിനിടെ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി സാലി പ്രദീപൻ (45) മരണത്തിന് കീഴടങ്ങി. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തിൽ സാലി പ്രദീപന്റെ മകൾ 12കാരി ലിബ്നയും മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ സാലി പ്രദീപൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീണും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവെ രണ്ടായിരത്തിലേറെപ്പേർ ഹാളിലുണ്ടായിരുന്നു, ഹാളിന്റെ മദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |