തൃശൂർ : കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിനെതിരായ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റിലായ മൂന്ന് പേരെ കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യും. തൃശൂർ പാവറട്ടി സ്വദേശി സെയ്ദ് നബീൽ അഹമ്മദ്, തൃശൂർ കാട്ടൂർ നെടുപുരയിലെ ഷിയാസ് ടി.എസ്, തൃശൂർ പാടൂർ സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ചത്തേക്കുള്ള ഇവരുടെ കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എൻ.ഐ.എ കോടതി കഴിഞ്ഞദിവസം അനുവദിച്ചു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്ന് എൻ.ഐ.എ അറിയിച്ചു.
ഇരുവരുടെയും സോഷ്യൽ മീഡിയ പ്രവർത്തനം പരിശോധിച്ചതിന് പിന്നാലെ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായാണ് സൂചന. ഗ്രൂപ്പുമായി ബന്ധമുള്ള കൂടുതൽ പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്തേക്കും.
തൃശൂരിൽ സജീവമായിരുന്ന ഐ.എസ് മൊഡ്യൂളിനെ ജൂലായിലാണ് എൻ.ഐ.എ നിരീക്ഷണത്തിലാക്കിയത്. തീവ്രവാദ പ്രവർത്തനം പ്രോത്സാഹിപ്പിക്കാനും മതകേന്ദ്രങ്ങൾക്കും നേതാക്കൾക്കും നേരെ ഭീകരാക്രമണം നടത്താനും ഇവർ പണം സ്വരൂപിച്ചെന്നാണ് കണ്ടെത്തിയത്. ഇതിനായി സഹകരണ ബാങ്കുകൾ, ദേശസാത്കൃത ബാങ്കുകൾ, ജ്വല്ലറികൾ, ഇതരമതസ്ഥരുടെ ബിസിനസ് സ്ഥാപനങ്ങൾ, കൊള്ള എന്നീ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട്ട് ഒരു എ.ടി.എം കൗണ്ടറിൽ നിന്ന് മുപ്പത് ലക്ഷം കവർന്നിരുന്നു. യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി പ്രവർത്തനം തുടങ്ങി. ആളെ റിക്രൂട്ട് ചെയ്യുന്നതിലും സംഘം സജീവമായിരുന്നു.
പ്രതികളിലൊരാളായ തൃശൂർ പാടൂർ സ്വദേശി ആഷിഫിനെ തമിഴ്‌നാട്ടിലെ സത്യമംഗലത്തിനടുത്ത് നിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു ആഗസ്റ്റിൽ ഷിയാസ് ടി.എസിനെ പിടികൂടി. സെപ്തംബറിൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവേ ചെന്നൈയിലാണ് സെയ്ദ് നബീൽ അഹമ്മദ് പിടിയിലായത്. മറ്റൊരു പ്രതി പാലക്കാട് സ്വദേശി റായീസ് ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |