ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽകാര്യ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിനായി വിദേശ പ്രതിനിധി സംഘം സ്ഥലത്തെത്തി. മലമുകളിൽനിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളിൽ കടക്കാനുള്ള പദ്ധതിയുടെ സാദ്ധ്യതകളെക്കുറിച്ച് സംഘം ചർച്ച ചെയ്യും. അർണോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ജനീവയിലെ ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്റെ തലവനാണ് ഡിക്സ്. തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് ഡിക്‌സ് പറഞ്ഞു.
അതിനിടെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) യന്ത്രങ്ങൾ കുന്നിലെത്തിക്കുന്നതിനായി ആക്‌സസ് റോഡ് നിർമ്മിച്ചു. തുരങ്കം ശക്തിപ്പെടുത്താനുള്ള ജോലിയും തുടരുകയാണ്. അതിനുശേഷം അമേരിക്കൻ ആഗർ ഉപയോഗിച്ച് ഡ്രില്ലിംഗ് ആരംഭിക്കും. ലൈഫ് ലൈൻ പൈപ്പ് തുരക്കാനുള്ള ഒരുക്കവും തുടരുകയാണ്.
അതിനിടെ തൊഴിലാളികൾക്ക് വലിയ അളവിൽ ഭക്ഷണവും അവശ്യവസ്തുക്കളും നൽകുന്നതിന് രക്ഷാപ്രവർത്തകർ ഇന്നലെ തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറ് ഇഞ്ച് വീതിയുള്ള പൈപ്പിട്ടു. ഇതിലൂടെ റൊട്ടി, സബ്ജി തുടങ്ങിയവ നൽകും. നേരത്തെ നാല് ഇഞ്ച് ട്യൂബിലൂടെ ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയ ഭക്ഷണങ്ങളും മരുന്നും വിതരണം ചെയ്തിരുന്നു.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, സത്ലുജ് ജൽ വിദ്യുത് നിഗം, റെയിൽ വികാസ് നിഗം ലിമിറ്റഡ്, നാഷണൽ ഹൈവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, തെഹ്റി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നീ അഞ്ച് ഏജൻസികൾക്കാണ് രക്ഷാപ്രവർത്തനത്തിന്റെ ചുമതല. ബി.ആർ.ഒയും ആർമിയുടെ കൺസ്ട്രക്ഷൻ വിഭാഗവും രക്ഷാപ്രവർത്തനത്തിനുണ്ട്. അതേസമയം, രക്ഷാ ദൗത്യം ഒമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്.
തുരങ്കം ഇടിയാനും സാദ്ധ്യത
മലമുകളിൽ നിന്ന് 120 മീറ്റർ തുരന്നിറങ്ങുമ്പോൾ താഴെ ഇടിയാൻ സാദ്ധ്യതയുണ്ട്. 90 സെന്റിമീറ്റർ വ്യാസമുള്ള 10 കുഴലുകളിറക്കി തൊഴിലാളികളെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിടുന്ന കുഴലുകൾ 30 മീറ്ററെത്തുമ്പോൾ പാറകളിൽ തട്ടി നിൽക്കാനും സാദ്ധ്യതയുണ്ട്.
തുരങ്കത്തിലേക്ക് റോബോട്ടുകളും
തുരങ്കത്തിലെ ആറിഞ്ച് പൈപ്പുകളിലൂടെ വിടാൻ 20, 50 കിലോ വീതം ഭാരമുള്ള 2 റോബോട്ടുകളെ എത്തിച്ചെന്ന് എൻ.എച്ച്.ഐ.ഡി.സി.എൽ ഡയറക്ടർ അൻഷു മനീഷ് ഖൽഖോ അറിയിച്ചു. ക്യാമറയുള്ള ചെറു റോബട്ലൂടെ അപ്പുറമുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തത്സമയ ദൃശ്യങ്ങളും പരിശോധിക്കാം.
കൂടാതെ മൊബൈലും ചാർജറും പൈപ്പുകളിലൂടെ അയയ്ക്കും. ഉള്ളിൽ ഒരു വൈഫൈ കണക്ഷൻ ഇൻസ്റ്റാൾ ചെയ്യാനും ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ചർച്ച ചെയ്യാൻ ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ വിളിച്ചതായി ഉത്തരാഖണ്ഡ് സി.എം.ഒ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും സാധനങ്ങളും കേന്ദ്രം നൽകുന്നുണ്ടെന്ന് മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |