കൊച്ചി: നവകേരള യാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് സ്റ്റേ. കോടതിയുടെ അനുമതിയില്ലാതെ ബസുകൾ വിട്ടുനൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ സ്‌കൂൾ ബസുകൾ ഉപയോഗിക്കാറുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
നവകേരള സദസിന് സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കാസർകോട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്കൂളുകളുടെ പ്രവർത്തി ദിവസം ബസ് നവകേരള സദസിന് വേണ്ടി വിട്ടുകൊടുത്താൽ അത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും, മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
നവകേരള സദസ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്ന പൊതുജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു. നവംബർ പതിനെട്ടിനും ഡിസംബർ ഇരുപത്തിമൂന്നിനുമിടയിൽ നവകേരള സദസിന്റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസ് വിട്ടുനൽകണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ബസുകളുടെ ഇന്ധനച്ചെലവടക്കം സംഘാടക സമിതി വഹിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |