SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.20 PM IST

ആദരമർഹിക്കുന്നു സി.പി.ഒ ആര്യ

Increase Font Size Decrease Font Size Print Page

d

പൊലീസിന്റെ ദയാവായ്പില്ലാത്ത പെരുമാറ്റങ്ങളെക്കുറിച്ച് കൂടക്കൂടെ കേൾക്കാറുണ്ട്. എന്നാൽ അവരിൽ നിന്നുണ്ടാകുന്ന നന്മയുടെയും മനുഷ്യത്വത്തിന്റെയും സമീപനം വിരളമായേ വാർത്തകളാകാറുള്ളൂ. കഴിഞ്ഞ ദിവസം എറണാകുളത്ത് വനിതാ കോൺസ്റ്റബിൾ ആര്യ സംസ്ഥാനമൊട്ടുക്കും വാർത്തയായത് അത്യുദാത്തമായ മാതൃസ്നേഹത്തിന്റെ പേരിലാണ്. മാതൃലോകം ഒന്നടങ്കം ആര്യയിൽ നിന്നുണ്ടായ പുണ്യപ്രവൃത്തിയിൽ ഈ യുവതിയെ ഹൃദയത്തോട് ചേർത്തുപിടിക്കുമെന്നു തീർച്ച.

ഹൃദ്രോഗവുമായി അപ്രതീക്ഷിതമായി ആശുപത്രിയിലെത്തിപ്പെട്ട ബീഹാറുകാരിക്കൊപ്പം പറക്കമുറ്റാത്ത നാലു മക്കളുമുണ്ടായിരുന്നു. ഏറ്റവും ഇളയ കുട്ടിക്ക് നാലുമാസം പ്രായം. ആശുപത്രിക്കിടക്കയിൽ നെഞ്ചുവേദനയാൽ പിടയുന്ന മാതാവിനോട് ഒട്ടിച്ചേർന്ന് വാവിട്ടുകരയുന്ന പിഞ്ചുകുഞ്ഞിനെ എന്തുചെയ്യണമെന്നറിയാതെ നിൽക്കവെയാണ് അധികൃതർ പൊലീസിന്റെ സഹായം തേടിയത്. കുട്ടികളുടെ സംരക്ഷണം ആരെയെങ്കിലും ഏല്പിച്ചിട്ടുവേണം ഹൃദ്രോഗബാധിതയായ അമ്മയെ ഐ.സി.യുവിലേക്കു മാറ്റാൻ. വിവരമറിഞ്ഞ് വനിതാ സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘം ഉടൻതന്നെ ആശുപത്രിയിലെത്തി.

കുട്ടികളെ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പ്രശ്നം. നിറുത്താതെ കരഞ്ഞുകൊണ്ടിരുന്ന ശിശു എല്ലാവരുടെയും നൊമ്പരമായി. എന്തുചെയ്യണമെന്നറിയാതെ പൊലീസുകാരികൾ പകച്ചുനിൽക്കെ ആര്യ എന്ന സിവിൽ പൊലീസ് കോൺസ്റ്റബിൾ കുഞ്ഞിനെ വാരിയെടുത്ത് മാറോടു ചേർത്ത് മുലപ്പാൽ ഇറ്റിച്ചുകൊടുക്കുകയായിരുന്നു. മുലപ്പാൽ കുടിച്ച് വയറുനിറഞ്ഞ ശിശു കരച്ചിലും നിറുത്തി. പൊലീസ് സംഘം കുട്ടികൾ നാലുപേരെയും പിന്നീട് ശിശുഭവന്റെ സംരക്ഷണയിലാക്കി. മാതൃത്വത്തിന്റെ അപൂർവ നിമിഷങ്ങൾക്കു സാക്ഷിയായവരും ഈ വാർത്ത അറിഞ്ഞ മാലോകരും ആര്യയുടെ മാതൃസ്നേഹത്തെ വാനോളം പുകഴ്‌ത്താൻ ഒട്ടും താമസമുണ്ടായില്ല. വൈക്കം സ്വദേശിയായ ആര്യ പ്രസവാവധിക്കുശേഷം തിരികെ ഡ്യൂട്ടിക്കെത്തിയിട്ട് ഏതാനും മാസമേ ആയുള്ളൂ. ബീഹാറുകാരിയുടെ കുഞ്ഞാണെങ്കിലും വിശപ്പുകൊണ്ടാണ് അത് കരയുന്നതെന്നു മനസ്സിലാക്കാൻ ആര്യയ്ക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. മാതൃമനസ്സിന്റെ ഉൾത്തുടിപ്പാണത്.

പൊതുവേ പൊലീസ് സേനയോടുള്ള സമൂഹത്തിന്റെ സമീപനം അത്രയൊന്നും പകിട്ടുള്ളതല്ല. എന്നിരുന്നാലും അവരിൽ നിന്നുണ്ടാകുന്ന മനുഷ്യത്വപരമായ ഏതു പ്രവൃത്തിയും സമൂഹം ഹൃദയം തുറന്നാണ് സ്വീകരിക്കാറുള്ളത്. ആപത്തിൽ സഹായത്തിന് ഏവരും ആദ്യം വിളിക്കാറുള്ളതും അവരെത്തന്നെയാകും. പൊലീസ് സേനയും സമൂഹത്തിന്റെ തന്നെ ഭാഗമായതുകൊണ്ട് അവരിലും കാണും മനുഷ്യവിരുദ്ധരും അക്രമികളും. യഥാർത്ഥ ജനസേവകരായി പൊലീസ് സേന പരിവർത്തനപ്പെടണമെന്നതാണ് ഏവരുടെയും അഭിലാഷം. എന്നാൽ ക്രമസമാധാനം നിലനിറുത്താനും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കൈകാര്യം ചെയ്യാനുമുള്ള സേനയായി മാത്രം അവരെ നിലനിറുത്തുന്നതിലാണ് ഏതു ഭരണകൂടത്തിന്റെയും താത്‌പര്യം. സേനാംഗങ്ങൾക്കു നൽകുന്ന പരിശീലനവും അതിനു യോജിച്ച വിധമാണ്.

സദ് പ്രവൃത്തി ചെയ്യുന്ന സേനാംഗങ്ങൾ എപ്പോഴും സേനയുടെ കീർത്തിവാഹകരാണ്. അവരെ ആദരിക്കാനും പ്രോത്സാഹനം നൽകാനും സേനയ്ക്കും സർക്കാരിനും ഉത്തരവാദിത്വമുണ്ട്. പരസ്യമായി അത്തരക്കാർ ആദരിക്കപ്പെടുമ്പോഴാണ് മറ്റുള്ളവർക്കും അത് പ്രചോദനമാകുന്നത്. എറണാകുളത്തെ സി.പി.ഒ ആര്യയെ ഉചിത രീതിയിൽ ആദരിക്കാൻ പൊലീസ് തലപ്പത്തുള്ളവർ മുന്നോട്ടുവരേണ്ടതാണ്.

TAGS: CPO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.