കൊച്ചി: യാക്കോബായ സഭാ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊച്ചിയിലെ സഭാ ആസ്ഥാനമായ പുത്തൻ കുരിശ് പാത്രിക സെന്ററിൽ എത്തിയാണ് സുരേഷ് ഗോപി ബാവയെ കണ്ടത്.
തോമസ് പ്രഥമൻ ബാവയുമായുള്ള ദീർഘ നാളുകളായുളള സൗഹൃദം പുതുക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. സഭാ തർക്കത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാർ തെയോഫിലോസ് എന്നിവരും ബാവയ്ക്കൊപ്പം ഉണ്ടായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങൾക്കുവേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലക്കാട് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങൾക്ക് വേണ്ടിയാണ് യൂത്ത് കോൺഗ്രസ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നിൽ ചാടിയതും. യൂത്ത് കോൺഗ്രസായതിനാൽ അവരെ മാറ്റി നിർത്തേണ്ടതില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷം ഏതു പാർട്ടിയായാലും അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |