കൊച്ചി: നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം രാജ്യത്തെ വാഹന നിർമ്മാണ മേഖലയെ വീണ്ടും സമ്മർദ്ദത്തിലാക്കുന്നു. ലോഹങ്ങൾ, മറ്റ് കമ്പോള ഉത്പന്നങ്ങൾ എന്നിവയിലെ വിലക്കയറ്റം വാഹനങ്ങളുടെ ഉത്പാദന ചെലവ് കുത്തനെ കൂട്ടുകയാണെന്ന് കമ്പനികൾ അവകാശപ്പെടുന്നു. ഇതിനാൽ രാജ്യത്തെ പ്രമുഖ വാഹന കമ്പനികളായ ഓഡിയും മാരുതി സുസുക്കിയും കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. വിവിധ മോഡലിലുള്ള കാറുകളുടെ വില ജനുവരിയിൽ വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്നലെ പറഞ്ഞു. അതേസമയം വില വർദ്ധനയുടെ തോത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഉത്പാദന ചെലവ് പരമാവധി കുറയ്ക്കാനും വില വർദ്ധന ഒഴിവാക്കാനും പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് മാരുതി സുസുക്കി ഇന്നലെ എക്സ്ചേഞ്ചിന് നൽകിയ കത്തിൽ പറയുന്നു. അതിനാൽ അധിക ബാധ്യതയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമറാതെ നിർവാഹമില്ലെന്നും അവർ കൂട്ടിച്ചേർത്തു. നടപ്പു വർഷം ഏപ്രിലിൽ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില മാരുതി സുസുക്കി 0.8 ശതമാനം വർദ്ധിപ്പിച്ചിരുന്നു.
ജനുവരി ഒന്നു മുതൽ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില രണ്ട് ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രമുഖ ആഡംബര കാർ കമ്പനിയാ ഔഡി ഇന്ത്യയും അറിയിച്ചിരുന്നു. പ്രവർത്തന, ഉത്പാദന ചെലവിലുള്ള കനത്ത വർദ്ധന മൂലം ലാഭക്ഷമത കുറയുന്നതാണ് എല്ലാ മോഡലുകളുടെയും വില ഉയർത്താൻ നിർബന്ധിതരാക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് മുൻനിര കമ്പനികളും വിവിധ മോഡലുകളിലുള്ള കാറുകളുടെ വില വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.
വില്പനയ്ക്കൊപ്പം വിലയും ഉയരുന്നു
ഇന്ത്യൻ കാർ വിപണി നാലു മാസമായി സ്വപ്ന തുല്യമായ മുന്നേറ്റമാണ് നടത്തുന്നത്. സാമ്പത്തിക മേഖലയിലെ ഉണർവും ഉപഭോക്താക്കളുടെ വരുമാനത്തിലുണ്ടായ കുതിപ്പും മൂലം ഇടത്തരക്കാർ വലിയ തോതിൽ കാറുകൾ വാങ്ങികൂട്ടുകയാണെന്ന് ഡീലർമാർ പറയുന്നു. ഒക്ടോബറിൽ മാരുതി സുസുക്കിയുടെ കാർ വില്പന 19 ശതമാനം വളർച്ചയോടെ റെക്കാഡ് ഉയരമായ 1.99 ലക്ഷം യൂണിറ്റുകളായിരുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ മാരുതി സുസുക്കി 35,535.1 കോടി രൂപയുടെ കാറുകളാണ് വിറ്റഴിച്ചത്. ഇക്കാലയളവിൽ കമ്പനിയുടെ ലാഭം 81 ശതമാനം വർദ്ധിച്ച് 3,716.5 കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |