സ്ത്രീയുൾപ്പെടെ നാലുപേർ
വന്നത് വ്യാജ നമ്പർ കാറിൽ
വിളിച്ച നമ്പർ തിരിച്ചറിഞ്ഞു
കൊല്ലം: പൂയപ്പള്ളിയിൽ സഹോദരനൊപ്പം ട്യൂഷനുപോകവേ സ്ത്രീ ഉൾപ്പെട്ട നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയ്ക്കായി നാടാകെ അരിച്ചുപെറുക്കി പൊലീസ്. കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാർത്ഥയിൽ കേരളം.
ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അബിഗേലിന്റെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു.
രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോൺ കോളെത്തി. പാരിപ്പള്ളി കുളമടയിലെ കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്ന് അവർ പറഞ്ഞു. കടയിൽ നിന്ന് ബിസ്ക്കറ്റും റസ്കും തേങ്ങയും വാങ്ങിയാണ് മടങ്ങിയത്.അതിന് ശേഷം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാമതും അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ വിളിവന്നു. കുഞ്ഞ് ഞങ്ങളുടെ കൈയിൽ സുരക്ഷിതയാണെന്ന് അറിയിച്ചു. ഇപ്പോൾ പണം തന്നാൽ കുട്ടിയെ തിരികെ നൽകുമോയെന്ന് ചോദിച്ചപ്പോൾ രാവിലെ പത്ത് മണിക്ക് നൽകാനാണ് ബോസിന്റെ നിർദ്ദേശമെന്ന് മറുപടി. രാവിലെ 10ന് പത്തുലക്ഷം അറേഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോൺ കട്ടായി. ഈ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനിൽ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേൽ. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇൻചാർജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്സും.
വ്യാജ നമ്പർ വച്ച വെള്ള ഹോണ്ട കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
സ്കൂൾ വിട്ട ശേഷം ഒന്നാം ക്ളാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരൻ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷൻ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ കുട്ടികൾക്ക് അരികിൽ നിറുത്തി. കാറിൽ നിന്നിറങ്ങിയ ഒരാൾ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ്ഒരു പേപ്പർ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു. കാർ അതിവേഗത്തിൽ ഓടിച്ചുപോയി. ഓയൂർ-പാരിപ്പള്ളി റൂട്ടിലേക്കാണ് കാർ പോയത്. ജോനാഥൻ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടിൽ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. വാഹന പരിശോധനയും തുടർന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി അബിഗേലിന്റെ രക്ഷിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. എ.ഡി.ജി.പി അജിത് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
കാർ ക്യാമറയിൽ
കാറിന്റെ ദൃശ്യം ലഭിച്ചത് സമീപത്തെ വീട്ടിലെ ക്യാമറയിൽ നിന്ന്
ട്യൂഷൻ സമയം മുൻകൂട്ടി മനസിലാക്കിയ സംഘമാണ് പിന്നിൽ
വീടിന് സമീപത്ത് റോഡുവക്കിൽ കാർ നിറുത്തിയിട്ട് കാത്തിരുന്നു
സഹോദരങ്ങളെ കണ്ടതും മുന്നോട്ട് വന്ന് തട്ടിക്കൊണ്ടുപോയി
സാധനങ്ങൾ എടുക്കുന്നതിനിടെ
ഫോൺ വാങ്ങി സംസാരിച്ചു
കൊല്ലം: ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയും പുരുഷനും സാധനങ്ങൾ ആവശ്യപ്പെട്ടെന്നും അതിനിടെ എന്തൊക്കെ വാങ്ങണമെന്ന് വീട്ടിൽ ചോദിക്കാൻ ഫോൺ ആവശ്യപ്പെട്ടെന്ന് കടയുടമ ഗിരിജ പറഞ്ഞു. ഫോൺ വാങ്ങിയ സ്ത്രീ മുന്നോട്ടു നീങ്ങിനിന്നാണ് സംസാരിച്ചത്. കൂടെയുണ്ടായിരുന്ന പുരുഷൻ ഓരോ സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എന്റെ ശ്രദ്ധ മാറ്റി. യുവതിക്ക് നാല്പതു വയസിനകത്തു പ്രായം വരും. പുരുഷന് അമ്പതു വയസിനകത്തുവരും. പൊലീസ് എത്തിയപ്പോഴാണ് ഗിരിജ സംഭവം അറിയുന്നത്.പൊലീസ് എത്തുന്നതിന് മുമ്പ് സ്റ്രേഷനിൽ നിന്ന് ഈ ഫോണിൽ വിളിച്ചിരുന്നു
തിരു-കൊല്ലം അതിർത്തി
മേഖലയിൽ തെരച്ചിൽ
ഓയൂരിൽ നിന്ന് പകൽക്കുറി വഴി 13 കിലോമീറ്റർ പിന്നിട്ട് കുളമടയിലെത്താം. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമായ ഈ ഭാഗത്തുതന്നെ സംഘം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ മേഖലയിൽ പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കി.വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ കാമറ ദൃശ്യങ്ങളും പരിശോധിക്കുകയാണ്.
112ൽ വിളിക്കൂ
കുട്ടിയെപ്പറ്റി വിവരം കിട്ടുകയോ സംശയകരമായ സാഹചര്യത്തിൽ വാഹനത്തെ കണ്ടാലോ പൊലീസിന്റെ നമ്പരായ 112ൽ അറിയിക്കണം.
അവർ ഒരു പേപ്പർ നീട്ടി. അമ്മച്ചിക്ക് കൊടുക്കാനെന്ന് പറഞ്ഞു. ഞാൻ വാങ്ങിയില്ല. അപ്പോഴേക്കും സാറയെ പിടിച്ച് വലിച്ച് കാറിൽ കയറ്റി. എന്റെ കൈയിൽ ഉണ്ടായിരുന്ന കമ്പ് കൊണ്ട് അടിച്ചിട്ടും വിട്ടില്ല. എന്നെ വലിച്ചിഴച്ചു. അങ്ങനെ കാലിൽ മുറിവുണ്ടായി. കാറിൽ ഉണ്ടായിരുന്നവർ മാസ്ക് ഇട്ടിരുന്നു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.
ജോനാഥൻ
(അബിഗേലിന്റ സഹോദരൻ)
എനിക്ക് ശത്രുക്കളായി ആരുമില്ല. ആരോടും പ്രശ്നങ്ങളുമില്ല.
റെജി ജോൺ
(അബിഗേലിന്റ പിതാവ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |