തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെയാണ് ഗവർണറുടെ ഈ നടപടി. ഈ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കുകയാണ്.
ലോകായുക്ത ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച്ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുന്നത്. പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പിട്ടു.
അതേസമയം, രണ്ടു വർഷമായി പല ബില്ലുകളിലും ഗവർണർ തീരുമാനമെടുത്തില്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിലെ തങ്ങളുടെ വിധി വായിച്ച് പ്രതികരണം അറിയിക്കാൻ ഗവർണറുടെ സെക്രട്ടറിയോട് ആവശ്യപ്പെടാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് കോടതി നിർദ്ദേശിക്കുകയായിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർക്ക് അനന്തമായി കൈവശം വയ്ക്കാനോ, വീറ്റോ ചെയ്യാനോ അധികാരമില്ലെന്നായിരുന്നു പഞ്ചാബ് കേസിലെ സുപ്രീം കോടതി വിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |