കൊല്ലം: 'അബിഗേലാണ് ഓട്ടോയിലെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ആ സ്ത്രീയെ ഞാൻ വെറുതേ വിടില്ലായിരുന്നു'. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശി സജീവ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 1ന് ആശ്രാമത്ത് നിന്ന് ഭക്ഷണം കഴിച്ച് ലിങ്ക് റോഡിലേക്ക് വരും വഴി പുനർജ്ജനി പാർക്കിന് മുന്നിൽ കനത്ത വെയിലിൽ നിൽക്കുകയായിരുന്നു സ്ത്രീയും കുട്ടിയും. സ്ത്രീ ഷോൾ കൊണ്ട് കുഞ്ഞിന്റെ തല മറച്ചിരുന്നു. എവിടെ പോകണമെന്ന് ചോദിച്ചപ്പോൾ ആശ്രാമം ഭാഗത്തേക്കെന്ന് പറഞ്ഞു.
ആശ്രാമത്ത് അശ്വതി ബാറിന് സമീപം കമ്പിവേലിയുള്ളിടത്തെത്തിയപ്പോൾ ഓട്ടോ നിറുത്താൻ ആവശ്യപ്പെട്ടു. ഇവിടെ നിന്ന് അകത്തേക്ക് കയറാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ കമ്പിവേലി കുനിഞ്ഞ് കയറിക്കോളാമെന്നായി. പിന്നീട് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് കയറാവുന്ന വഴിയിൽ നിറുത്താൻ ആവശ്യപ്പെട്ടു.
200 രൂപ നോട്ട് നൽകി. 160 രൂപ തിരികെ നൽകി. അവശയായിരുന്ന കുട്ടി ഓട്ടോറിക്ഷയിൽ നിന്നിറങ്ങാൻ പാടുപെട്ടിരുന്നു. പനിയായിരിക്കുമെന്നാണ് കരുതിയത്. സ്ത്രീയ്ക്ക് 35 വയസ് പ്രായം തോന്നിക്കും. ഓട്ടോറിക്ഷയിൽ വച്ച് കുട്ടി ബഹളം വയ്ക്കുകയോ ഇരുവരും സംസാരിക്കുകയോ ചെയ്തിരുന്നില്ല. സംശയം തോന്നാത്തതിനാൽ തിരികെ സ്റ്റാൻഡിലേയ്ക്ക് പോയി. അരമണിക്കൂർ കഴിഞ്ഞ് മരുമകൻ വിളിച്ചാണ് കുട്ടിയെ കിട്ടിയ വിവരം പറയുന്നത്. ഉടൻ ഈസ്റ്റ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |