കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം വേറെയും കുട്ടികളെ ലക്ഷ്യം വച്ചിരുന്നതായി റിപ്പോർട്ട്. പള്ളിക്കൽ മൂതലയിൽ കുട്ടിയെതട്ടിക്കൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച മുന്നരയ്ക്കായിരുന്നു. ആയുർവേദ ആശുപത്രിക്ക് സമീപത്തെ റോഡിലായിരുന്നു ആദ്യ ശ്രമം.
എന്നാൽ നാട്ടുകാരെത്തിയപ്പോൾ സംഘം ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന് ശേഷമാണ് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ ഓയൂർ ഭാഗത്തേയ്ക്ക് പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. അതിനിടെ താന്നിവിളയിൽ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.
അതേസമയം, അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചന്ദനത്തോപ്പ് കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു.
ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം. നിരവധി മോഷണക്കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്. രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു.
മോഷണക്കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |