കൊല്ലം : ഓയൂരിൽ ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ നിർണായക മൊഴി. സംഭവത്തിൽ ഉൾപ്പെട്ടവരുടെ രേഖാചിത്രങ്ങൾ പൊലീസ് തയ്യാറാക്കി. മൂന്നുപേരുടെ രേഖാചിത്രങ്ങളാണ് കുട്ടിയുടെ സഹായത്തോടെ പൊലീസ് തയ്യാറാക്കിയത്. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രങ്ങളാണ് തയ്യാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാർ ഡ്രൈവറുടെയും രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓർമ്മയില്ലെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
അതിനിടെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കൊട്ടാരക്കര മജിസ്‌ട്രേറ്റിന് മുന്നിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടിലെത്തിക്കും. പൊലീസ് സുരക്ഷയിലാണ് കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള യാത്ര. കുട്ടിക്ക് കൗൺസലിംഗ് നൽകുന്നത് തുടരും. കുട്ടിയെ കാണാനെത്തുന്നവർക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തും. കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം.
അതേസമയം കേസിൽ കുട്ടിയുടെ പിതാവ് റെജി താമസിച്ചിരുന്ന ഫ്ളാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി. പത്തനംതിട്ട നഗരത്തിലെ ഫ്ളാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. ഇയാളുടെ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. റെജി ജോലി ചെയ്യുന്ന ആശുപത്രിയിലും പൊലീസ് എത്തി.
തിങ്കളാഴ്ച വൈകിട്ട് സഹോദരനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സ്ത്രീ ഉൾപ്പെട്ട സംഘം കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയത്. സഹോദരൻ ജോനാഥനെയും സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. 21 മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പെൺകുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |