പേരാവൂർ: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 35ാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത ലോംഗ് ജമ്പ് താരം ഒളിമ്പ്യൻ എം. ശ്രീശങ്കർ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജോസ് ജോർജ് ചെയർമാനും, അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തിരഞ്ഞെടുത്തത്.
വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്.
2020 ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത ശ്രീശങ്കർ 2022 ലെ കോമൺവെൽത് ഗെയിംസിൽ വെള്ളിമെഡൽ കരസ്ഥമാക്കിയതോടെയാണ് അന്താരാഷ്‌ട്ര രംഗത്ത് ശ്രദ്ധയാകർഷിച്ചത്.ശ്രീ ശങ്കറിന്റെ പിതാവ് എസ്. മുരളിയാണ് പരിശീലകൻ. മാതാവ് ബിജിമോൾ. ഇരുവരും മുൻ രാജ്യാന്തര അത് ലറ്റുകൾ. പാലക്കാട് സ്വദേശിയായ ശ്രീശങ്കർ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽ ഉദ്യോഗസ്ഥനാണ്. ഡിസംബർ രണ്ടിന് പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ അനുസ്മരണയോഗം നടക്കും. ഡിസംബർ 22 ന് ശ്രീശങ്കറിന് അവാർഡ് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |