മലപ്പുറം: നവകേരള സദസിൽ പരാതി നൽകാനെത്തിയ യൂട്യൂബറെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി. കെട്ടിട പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ അരീക്കോട് നടന്ന നവകേരള സദസിൽ നിവേദനം നൽകാനെത്തിയ കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിന് നേരെയാണ് കൈയേറ്റം.
മാസ്റ്റർപീസെന്ന തന്റെ യുട്യൂബ് ചാനലിലൂടെ കെട്ടിട ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് നിസാർ വീഡിയോ ചെയ്തിരുന്നു. ഇതിനു പിന്നാലെ നിസാറിനെതിരെ സൈബർ ആക്രമണം ഉണ്ടായി. തന്റെ നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ ഫീസ് വർദ്ധനവിന് എതിരെ പരാതി നൽകുമെന്ന് വ്യക്തമാക്കി നിസാർ വീഡിയോയും ചെയ്തിരുന്നു. കൈയേറ്റത്തിനും ഫോണും മൈക്കും തട്ടിയെടുത്തതിനും നിസാർ അരീക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, വണ്ടൂരിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി ഉയർന്നു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റഹീം മൂർഖൻ, മണ്ഡലം പ്രസിഡന്റ് സി.പി. സിറാജ്, മണ്ഡലം വൈസ് പ്രസിഡന്റ് പി. സൽമാൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |