കാൻബെറ: ചൂടുളള സമയങ്ങളിലാണ് പാമ്പുകൾ ഉൾപ്പടെയുളള ഇഴജന്തുക്കൾ കൂടുതലും പുറത്തിറങ്ങാറുളളത്. അതിനാൽ നമ്മൾ വീടുകളിലും പരിസരങ്ങളിലും ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഒരു ക്യാനിൽ തല കുടുങ്ങി പോയ പാമ്പിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഓസ്ട്രേലിയൻ സംസ്ഥാനമായ ടാസ്മാനിയയിൽ നിന്നുളളവയാണ് ഈ ചിത്രങ്ങൾ,
ടാസ്മാനിയയിലെ പാമ്പ് പിടുത്തക്കാരിയായ ഒലീവിയ ഡൈക്സട്രയാണ് ചിത്രങ്ങൾ പങ്കുവച്ചത്. റോക്ക്സ്റ്റാർ എനർജി ഡ്രിങ്കിന്റെ ബോട്ടിലിൽ തല കുടുങ്ങിപോയ ഒരു വിഷപാമ്പിനെ രക്ഷപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇവ. ചിത്രങ്ങളോടൊപ്പം ചില നിർദ്ദേശങ്ങളും ഒലീവിയ പങ്കുവയ്ക്കുന്നുണ്ട്.
ഉപയോഗ ശേഷം വലിച്ചറിയുന്ന ഇത്തരത്തിലുളള ക്യാനുകളിലും മറ്റുളള വസ്തുക്കളിലും കുടുങ്ങി പോകുന്ന പാമ്പുകളെ രക്ഷപ്പെടുത്തുന്നതിനായി തനിക്ക് ഓരോ വർഷവും അനേകം ഫോൺ കോളുകൾ വരുന്നുണ്ടെന്നും ഒലീവിയ പോസ്റ്റിൽ കുറിക്കുന്നു. കൂടാതെ മാലിന്യ നിർമാർജനത്തിന്റെ കൃത്യമായ ആവശ്യത്തെക്കുറിച്ചും യുവതി പറയുന്നു.
'അധികം ചൂടുളള സമയങ്ങളിലാണ് പാമ്പുകൾ പുറത്തിറങ്ങുന്നത്. ഉപയോഗ ശൂന്യമായ ഇത്തരത്തിലുളള വസ്തുക്കളിൽ ഇഴജന്തുക്കൾ കയറാൻ സാദ്ധ്യത കൂടുതലാണ്. ഇത് പാമ്പുകൾ ഉൾപ്പടെയുളള ഇഴജന്തുക്കളുടെയും മനുഷ്യരുടെയും സുരക്ഷയ്ക്ക് ഗുണം ചെയ്യില്ല. ക്യാനുകളിൽ പാമ്പുകൾ കുടുങ്ങുന്നത് പുതിയ കാര്യമല്ല. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് പാമ്പുകൾ ക്യാനുകളിൽ കുടുങ്ങുന്നത്. ഒന്ന് ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും ഗന്ധം ഇവരെ ക്യാനുകൾക്കരികിൽ എത്തിക്കും. രണ്ട് പാമ്പുകൾ ചൂടുളള സമയങ്ങളിൽ സുരക്ഷിതമായി ഒളിച്ചിരിക്കാൻ ഒഴിഞ്ഞ വസ്തുക്കളുടെ സഹായം തേടും. ഇത് പാമ്പുകളുടെ ജീവനെ തന്നെ അപകടകരമായി ബാധിക്കും.' ഒലീവിയ പോസ്റ്റിൽ വിവരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |