തിരുവനന്തപുരത്ത് കേരളകൗമുദി സംഘടിപ്പിച്ച ബിസിനസ് കോൺക്ളേവിലും ആറ്റിങ്ങലിൽ നടന്ന പൊതുചടങ്ങിലും
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പരാമർശങ്ങളോട് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിക്കുന്നു. കേന്ദ്രം നൽകുന്ന ധന വിഹിതം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
---------------
തനത് റവന്യൂ വരുമാനം, കേന്ദ്ര വിഹിതം, വായ്പ എന്നിങ്ങനെ സംസ്ഥാന സർക്കാരിന് മൂന്ന് പ്രധാന ധനസ്രോതസ്സുകളാണുളളത്. തനത് നികുതി വരുമാനം 2022 മാർച്ചിൽ 58,300 കോടിയായിരുന്നു. 2023 മാർച്ചിൽ ഇത് 71,900 കോടി രൂപയായി കൂടി. കേന്ദ്ര വിഹിതം 2022 മാർച്ചിൽ 47,800 കോടിയായിരുന്നത് ഇക്കഴിഞ്ഞ മാർച്ചിൽ 45,608 കോടിയായി കുറഞ്ഞു. വായ്പയ്ക്കുള്ള അനുമതി 2020-21-ൽ 28,566 കോടിയാണ്. 2021 –22ൽ ഇത് 27,000കോടിയും 2022–23ൽ 30,800 കോടിയും ആയി. മുൻ വർഷത്തെ അപേക്ഷിച്ച് റവന്യു കമ്മി ഗ്രാന്റിൽ 8400 കോടിയും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ 12,000 കോടിയും ഈ വർഷം കുറഞ്ഞു.
പൊതുവായി പറഞ്ഞാൽ സർക്കാരിന്റെ ചെലവ് രണ്ടു തരത്തിലുള്ളതാണ്- റവന്യൂ ചെലവും മൂലധനച്ചെലവും. ശമ്പളം, പെൻഷൻ, വായ്പാ തിരിച്ചടവ് തുടങ്ങിയാണ് റവന്യൂ ചെലവ്. റോഡ്, പാലം തുടങ്ങിയവയ്ക്കു നടത്തുന്ന നിക്ഷേപങ്ങൾ മൂലധനച്ചെലവും. ആകെ ചെലവ് 2021 മാർച്ചിൽ 1.39 ലക്ഷം കോടി ആയിരുന്നത് 2023 മാർച്ചിൽ 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതു പരിശോധിച്ചാൽ കേരളം ഇന്നു നേരിടുന്ന ധനഞെരുക്കത്തിന്റെ അടിസ്ഥാന കാരണം കേന്ദ്ര റവന്യൂ വിഹിതത്തിലും വായ്പാ അനുമതിയിലും വന്ന കുറവാണെന്ന് വ്യക്തം.
കേന്ദ്ര ധനമന്ത്രി
ഉന്നയിച്ചത്...
പതിനഞ്ചാം ധനകാര്യ കമ്മിഷൻ റവന്യൂ കമ്മി ഗ്രാന്റായി 37,814 കോടി നൽകിയെന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ കേരളത്തിന് കേന്ദ്ര നയങ്ങൾ മൂലമുണ്ടായ വരുമാന നഷ്ടത്തിന്റെ പകുതി പോലും ഗ്രാന്റിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല. ഡിവിസിബിൾ പൂളിൽനിന്ന് ലഭിച്ചിരുന്ന വിഹിതം കുറഞ്ഞുവരികയും ചെയ്യുന്നു. ഇതുമൂലം ഒരോ വർഷവുമുള്ള വരുമാനനഷ്ടം ഭീമമാണ്. വായ്പാനുമതിയിൽ 19,000 കോടിയും, റവന്യൂ കമ്മി ഗ്രാന്റിൽ 8400 കോടിയും, ജി.എസ്.ടി നഷ്ടപരിഹാരം 12,000 കോടിയും, നികുതി വിഹിതത്തിൽ18,000 കോടിയും കുറഞ്ഞു. ഇങ്ങനെ ഈ വർഷം ആകെ കുറഞ്ഞത് 57,400 കോടിയാണ്.
ജി.എസ്.ടിയിലെ
ചതി
മൂല്യവർധിത നികുതിയിൽനിന്ന് ജി.എസ്.ടിയിലേക്കുള്ള മാറ്റം കടുത്ത വരുമാന നഷ്ടമാണുണ്ടാക്കിയത്. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി സംസ്ഥാന നികുതി അധികാരം ചുരുങ്ങി. വാറ്റ് നികുതി പൂർണമായും സംസ്ഥാനത്തിന് അവകാശപ്പെട്ടതായിരുന്നു. ജി.എസ്.ടിയാകട്ടെ, പകുതി കേന്ദ്രത്തിനു പോകും. 14 ശതമാനം വാർഷിക നികുതി വരുമാന വർദ്ധന ഉറപ്പാക്കാനാണ് ജി.എസ്.ടി നഷ്ടപരിഹാരം ഏർപ്പെടുത്തിയത്. ഇത്രയും വർദ്ധന ഇല്ലാത്തപ്പോൾ കുറവുവരുന്ന തുക നഷ്ടപരിഹാരം ലഭിക്കണം. 2022 ജൂൺ മുതൽ ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നതും അവസാനിപ്പിച്ചു. ഇതിനെല്ലാം പുറമേ, 2021-22 മുതൽ കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പയുടെ പേരിൽ 3140 കോടി രൂപ വീതം കടമെടുപ്പ് അവകാശത്തിൽനിന്ന് വെട്ടിക്കുറയ്ക്കുകയുമാണ്.
കേന്ദ്ര വിഹിതം
കൃത്യമാണോ?
സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളെല്ലാം അടച്ചശേഷം, എല്ലാം നൽകിയെന്ന നിലയിൽ പ്രചാരണം നടത്തുകയാണ് കേന്ദ്ര ധനമന്ത്രി. സംസ്ഥാനം മൂൻകൂറായി വിതരണം ചെയ്ത സാമൂഹ്യസുരക്ഷാ പെൻഷന്റെ തുച്ഛമായ വിഹിതം പോലും മൂന്നേമുക്കാൽ വർഷംവരെ കുടിശ്ശികയാക്കി. 2020 ജനുവരി മുതൽ 2023 ജൂൺ വരെ സംസ്ഥാനം മൂൻകൂർ നൽകിയ 579.95 കോടിരൂപ ഈ മാസമാണ് കേന്ദ്രം അനുവദിച്ചത്. സാമൂഹ്യസുരക്ഷാ പെൻഷന് കേന്ദ്രം എല്ലാ സഹായവും നൽകികഴിഞ്ഞുവെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി ഇക്കാര്യം മറച്ചുവച്ചു.
കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച വിഷയങ്ങൾ കേന്ദ്രത്തിനു സമർപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ഈ വർഷംതന്നെ ജൂലായ് 12നും, ഒക്ടോബർ ഏഴിനും നേരിട്ടുകണ്ട് ആവശ്യങ്ങൾ നിവേദനമായി നൽകി. മുഖ്യമന്ത്രി ഇതെല്ലാം പ്രധനാമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു. ധനകാര്യ സെക്രട്ടറി ഉൾപ്പടെ വിവിധ വകുപ്പു മേധാവികൾ നിവേദനമായും കത്തായും പലതവണ കേന്ദ്രത്തെ കാര്യമറിയിച്ചു. സംസ്ഥാനത്തു നിന്നുള്ള ഇടത് എം.പിമാരും കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി.
കണക്കുകളിലെ
ആക്ഷേപം
2021-22 ലെ സംസ്ഥാനത്തിന്റെ വരവു ചെലവുകൾ സംബന്ധിച്ച് എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകിയില്ല എന്നത് മുമ്പും ഉന്നയിച്ച ആക്ഷേപമാണ്. സംസ്ഥാനം എ.ജിക്ക് കൃത്യമായ കണക്കുകൾ നൽകിയിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിനു നൽകുന്നതിൽ എ.ജിയാണ് വീഴ്ച വരുത്തിയത്. പിന്നീട് എ.ജി കണക്കുകൾ സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിനു നൽകി. അക്കൗണ്ടന്റ് ജനറലും ഓഫീസും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. ദരിദ്രർക്കും സാധാരണക്കാർക്കും ഒരുവിധ സൗജന്യങ്ങളും സംസ്ഥാനങ്ങൾ നൽകാൻ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്ന കേന്ദ്രം, കുത്തകൾക്ക് എല്ലാം വാരിക്കോരി നൽകുന്നു. ഇതിനെല്ലാം ബദലായ സാമ്പത്തിക, ക്ഷേമ, വികസന നടപടികളാണ് കേരളം സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |