തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള ഐ.ജി.എസ്.ടി.വിഹിതത്തിൽ നിന്ന് മുന്നറിയപ്പൊന്നുമില്ലാതെ 332കോടി കേന്ദ്രം വെട്ടിക്കുറച്ചു. .സംസ്ഥാനത്തെ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമന് ഇന്നലെ കത്തയച്ചു.
നവംബർ മാസത്തെ തുകയിലാണ് ഇത്രയും കുറവ് വരുത്തിയത്.
അന്തർ സംസ്ഥാന ചരക്ക് സേവന ഇടപാടുകൾക്കുള്ള ജി.എസ്.ടി.നികുതിയാണ് ഐ.ജി.എസ്.ടി.ഇത് കേന്ദ്രം നേരിട്ട് പിരിച്ചെടുക്കുകയാണ് . ചരക്ക് വരുന്നത് കേരളത്തിലേക്കാണെങ്കിൽ ഒരു വിഹിതം സംസ്ഥാനത്തിന് നൽകും. ഇതിന്റെ കണക്ക് സംസ്ഥാനം സമർപ്പിക്കണം.സംസ്ഥാനങ്ങൾ കണക്ക് സമർപ്പിക്കാത്ത ഐ.ജി.എസ്.ടി യാണെങ്കിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരു നിശ്ചിത അനുപാതത്തിൽ പങ്കുവെയ്ക്കും.ഇങ്ങനെ മാസം തോറും നൽകുന്ന ഐ.ജി.എസ്.ടി.വിഹിതത്തിന്റെ നവംബർ മാസത്തെ തുകയിലാണ് ഒറ്റയടിക്ക് 332കോടി വെട്ടിക്കുറച്ചത്.
കേരളത്തിനുള്ള ഐ.ജി.എസ്.ടി. വിഹിതം തിട്ടപ്പെടുത്തിയപ്പോൾ, തുകകൾ ക്രമീകരിച്ചതാണെന്നും അതിന്റെ ഭാഗമായാണ് 332കോടിയുടെ കുറവ് വന്നതെന്നും കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. അതിന്റെ വിശദാംശങ്ങൾ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ഇതേ രീതിയിൽ സംസ്ഥാനങ്ങളിൽനിന്നു തിരിച്ചുപിടിച്ച തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്നും ഐ.ജി.എസ്.ടി. സെറ്റിൽമെന്റുകളുടെ മാനദണ്ഡം ജി.എസ്.ടി.കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണമെന്നും ബാലഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.
പദ്ധതികളുടെ പേരിൽ സംസ്ഥാനത്തിന് കിട്ടേണ്ട കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതായും വൈകിപ്പിക്കുന്നതായും സംസ്ഥാനം നേരത്തെതന്നെ പരാതി ഉന്നയിച്ചിരുന്നു.ഇതിന് ഒരു മറുപടിയും കേന്ദ്രം നൽകിയിട്ടില്ല.അടിക്കടി പല വിഹിതവും വെട്ടിക്കുറയ്ക്കുന്നതു മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |