
ഹോട്ടലുകള്‍ പൂട്ടിയതോടെ വ്യാപാരത്തില്‍ ഇടിവ്
കൊച്ചി: പാചകവാതക ക്ഷാമം പച്ചക്കറി, പലചരക്ക്, മാംസ വ്യാപാര രംഗത്തെയും സാരമായി ബാധിച്ചുതുടങ്ങി. കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ് കാരണം. ഹോട്ടലുകളിലേക്കുള്ള ഓര്‍ഡറുകള്‍ ലഭിക്കാതായതോടെ വ്യാപാരത്തില്‍ വലിയ ഇടിവുണ്ടായി. പച്ചക്കറി, മാംസ വ്യാപാരത്തിന്റെ 50 ശതമാനത്തിലധികവും ഹോട്ടല്‍ മേഖലയെ ആശ്രയിച്ചാണ്. എറണാകുളം മാര്‍ക്കറ്റിലടക്കം പച്ചക്കറികള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണ്. ഇന്നലെ എത്തിയ ലോഡുകളില്‍ പലതും വില്പന നടന്നിട്ടില്ല. പുതിയ ലോഡ് എത്തുന്നതോടെ പച്ചക്കറി വ്യാപാര മേഖലയിലും പ്രതിസന്ധി രൂപപ്പെടും. സിലിണ്ടര്‍ ക്ഷാമം രൂക്ഷമായിട്ടും എത്ര ദിവസം വിതരണം മുടങ്ങുമെന്നോ, മുടങ്ങിയാല്‍ പകരം പോംവഴി എന്താണെന്നോ തുടങ്ങിയ യാതൊരു ഔദ്യോഗിക നിര്‍ദ്ദേശവും ഉപയോക്താക്കള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ ബാങ്ക് ലോണ്‍, മുറി വാടക തുടങ്ങിയവ ഉള്‍പ്പെടെ വലിയ ബാദ്ധ്യതയിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും പ്രതിസന്ധിയില്‍
ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയും ഭക്ഷണ വിഭവങ്ങള്‍ കുറയ്ക്കുകയും ചെയ്തതോടെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയും പ്രതിസന്ധിയിലായി. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് കടകള്‍ കുറച്ചു. ഇതോടെ ഭക്ഷണവിതരണക്കാരായ മുഴുവന്‍ സമയ ജീവനക്കാരെയും ഇത് പ്രതികൂലമായി ബാധിച്ചു.കൊച്ചി നഗരത്തിലുള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍ സമയം വെട്ടിച്ചുരുക്കി. കൂടുതല്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവില്‍ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി.
ഓര്‍ഡര്‍ സ്വീകരിക്കുന്നില്ല
കാറ്ററിംഗ് സ്ഥാപനങ്ങള്‍ നിലവിലെ കരാറുകള്‍ക്ക് പുറമെയുള്ളവ ഒഴിവാക്കിത്തുടങ്ങി. കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലുകള്‍ വലിയ പരിപാടികള്‍ക്ക് ഓര്‍ഡര്‍ സ്വീകരിക്കുന്നത് താത്കാലികമായി നിറുത്തി. നേരത്തെ ബുക്ക് ചെയ്തവ തടസമില്ലാതെ ചെയ്തു നല്‍കാനുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ഇവര്‍ ചെയ്യുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവിടങ്ങളിലെ എല്‍.പി.ജി ബോട്‌ലിംഗ് പ്ലാന്റുകളില്‍ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് പൂര്‍ണമായും അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |