കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ലോകത്ത് സംഭവിച്ചത് വലിയ തരത്തിലുളള മാറ്റങ്ങളാണ്. ആരോഗ്യമേഖലയിലും സാമ്പത്തിക മേഖലകളിലും പലരാജ്യങ്ങൾക്കും നേട്ടങ്ങളും അധഃപതനങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം കൊവിഡ് എന്ന മഹാമാരിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊവിഡിന്റെ വരവ് ഉണ്ടാക്കിയ പല നഷ്ടങ്ങളിൽ നിന്ന് ഇന്നും മിക്ക രാജ്യങ്ങളും ഉയർത്തെഴുന്നേറ്റിട്ടില്ല.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന വിശേഷണം നേടിയ ചൈനയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കൊറോണ പിടിപ്പെടുന്നതിന് മുൻപും ശേഷവുമുളള ചൈനക്കാരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ പ്രകടമായി കാണാൻ സാധിക്കും. ആഡംബര ജീവിതം നയിച്ചവർ ഉൾപ്പടെയുളള സാധാരണക്കാർ ഇന്ന് നേരിടുന്നത് തൊഴിലില്ലായ്മയും പണപെരുപ്പവുമാണ്. ദിവസേനയുളള ചെലവ് പോലും കൃത്യമായി വഹിക്കാനുളള ശേഷി ഇവർക്ക് നഷ്‌ടപ്പെട്ടിരിക്കുന്നു.
കൊവിഡ് മഹാമാരി കൂടിതലും നഷ്ടം ചൈനയിലാണ്. അതിനാൽ തന്നെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഭരണകൂടം മുന്നോട്ട് വച്ചത് കർശനമായി നടപടികളാണ്. ഇത് സുഖലോലുപരായി ജീവിച്ചിരുന്ന പലർക്കും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ഉയർന്ന ശമ്പളം വാങ്ങിയ ഒട്ടുമിക്കവരുടെയും ജോലികൾ നഷ്ടപ്പെട്ടു. ഇതോടെ ചൈനക്കാർ ശമ്പളം കുറഞ്ഞ ജോലികൾ ചെയ്യാൻ ആരംഭിച്ചു. ഉയർന്ന വാടകയുളള വീടുകളിൽ താമസിച്ചിരുന്നവർ ചെറിയ വീടുകളിലേക്ക് താമസം മാറി. കൊവിഡിന് ശേഷം,ലഭിക്കുന്ന ശമ്പളം ഒന്നിനും തികയാത്ത അവസ്ഥയാണ് രാജ്യത്ത് ഉണ്ടാകുന്നത്. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനോ മാതാപിതാക്കൾക്ക് മികച്ച ചികിത്സ നൽകാനോ ഗതിയില്ലാത്തവരായി ചൈനക്കാർ മാറുകയാണ്.
ഇത്തരം ആകുലതകളിൽ നിന്നും കരകയറാൻ ചൈനക്കാർ കണ്ട ഒറ്റ പ്രതിവിധി കുടിയേറ്റം മാത്രമായിരുന്നു. ഒരിക്കൽ വിനോദത്തിനായി പോയിരുന്ന പല രാജ്യങ്ങളിലേക്കും ഒരു നിവർത്തിയുമില്ലാതെ ചൈനക്കാർ കുടിയേറുകയാണ്. കൂടുതലും പേർ തായ്‌ലാൻഡിലേക്ക് കുടിയേറുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. 2000ന്റെ തുടക്കം മുതലേ തായ്‌ലാൻഡിന്റെ മനോഹാരിതയിലും ജനജീവിതത്തിലും ആകൃഷ്ടരായിരുന്നു ചൈനാക്കാർ.
എന്തുകൊണ്ട് തായ്‌ലാൻഡ് ലക്ഷ്യമിടുന്നു
കൊവിഡിന് മുൻപ് തന്നെ തായ്ലൻഡിന്റെ വിശേഷങ്ങളും ജനജീവിതത്തെക്കുറിച്ചുളള വിവരങ്ങളും ചൈനക്കാർക്ക് കാണാപാഠമായിരുന്നു. സോഷ്യൽമീഡിയയിലടക്കം നിരവധി ഇ കൊമേഷ്യൽ പ്ലാറ്റ്ഫോമുകളിലും തായ്‌ലൻഡിനെക്കുറിച്ചുളള വിശേഷങ്ങൾ കണ്ടുവളർന്നവരാണ് ഇവർ. തായ്‌ലൻഡിലെ വിദ്യാഭ്യാസവും ആശുപത്രി സേവനങ്ങളും വലിയ വിലക്കുറവിൽ ലഭ്യമാകുമെന്ന് ചൈനക്കാർ മനസിലാക്കി. ഇതാണ് കുടിയേറ്റത്തിന്റെ പ്രഥമകാരണം.
മിതമായ വിലയിൽ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാകുന്ന രാജ്യമാണ് തായ്‌ലൻഡെന്ന് അവർ പെട്ടെന്ന് തന്നെ മനസിലാക്കി. അതിനാൽ തന്നെ 'പാവപ്പെട്ടവന്റെ പറുദീസ' എന്ന പേരും തായ്ലൻഡ് സ്വന്തമാക്കി. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന യാത്രാനിരക്കിനെക്കാളും കുറഞ്ഞ നിരക്കാണ് തായ്ലൻഡ് തിരഞ്ഞെടുക്കുന്നവർക്കായി രാജ്യം മാറ്റിവച്ചിരിക്കുന്നത്.
വിദ്യാഭ്യാസം ലക്ഷ്യം
തായ്‌ലൻഡിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിമാനം കയറുന്നവർക്കും ലാഭങ്ങൾ ഏറെയാണ്. ഒരു വർഷത്തെ കോഴ്സുകൾ പഠിക്കുന്നതിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് വളരെ കുറഞ്ഞ നിരക്കിൽ താമസസൗകര്യങ്ങളും ഭക്ഷണവും ഒരുക്കാൻ തായ്‌ലൻഡിൽ ലഭ്യമാണ്. ഇവിടത്തെ പ്രമുഖ സർവകലാശാലയായ പയാപ് യൂണിവേഴ്സിറ്റിയിൽ ചൈനയിൽ നിന്നുമാത്രം 500ൽ അധികം വിദ്യാർത്ഥികളാണ് ഓൺലൈനായി അപേക്ഷിച്ചിരിക്കുന്നത്. ഇവർ അധികം വൈകാതെ തായ്‌ലൻഡിൽ എത്തിച്ചേരുന്നതാണ്.
കണക്കുകൾ പറയുന്നത്
സന്ദേശമയക്കാൻ ഉപയോഗിക്കുന്ന ചൈനീസ് ആപ്പായ വിചാറ്റിൽ ഉപയോക്താക്കൾക്ക് രാജ്യം വിടാനുളള ആഗ്രഹം വർദ്ധിക്കുന്നതായി കാണാം. മറ്റൊരു ആപ്പായ സിയാംഗ്ഷുവിലും ഇത് വ്യക്തമാണ്. നൂറുകണക്കിനാളുകളാണ് തായ്‌ലൻഡിലേക്ക് കുടിയേറാനുളള ചർച്ചകൾ നടത്തുന്നത്.ലോകത്ത് ഏറ്റവും അധികം കുടിയേറി പാർക്കുന്ന ജനങ്ങൾ ഉളള രാജ്യം ചൈനയാണ്.
ഏഴ് മില്ല്യൻ ആളുകളാണ് ഇത്തരത്തിൽ പണ്ട് മുതലേ കുടിയേറുന്നത്.ഒരൊറ്റ വർഷം കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് വിനോദത്തിന് വേണ്ടി മാത്രം യാത്ര നടത്തിയത് അഞ്ച് മില്ല്യനോളം പേരാണ്. 2019ൽ കണക്ക് പത്ത് മില്യൻ ആയിരുന്നു. ചരിത്രപരമായും സംസ്‌കാരികപരമായും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. ചൈനയോളം പോന്ന ജീവിത രീതിയും തായ്‌ലൻഡിന് സ്വന്തമായിരുന്നു. ആദ്യകാലത്ത് തായ് ജനതയ്ക്ക് ചൈനയോടുളള വികാരം വലുതായിരുന്നു. എന്നാൽ ഇത് കാലം കഴിയും തോറും കുറഞ്ഞ് വരാൻ തുടങ്ങി. എന്നിട്ടും യുവതലമുറ ജീവിതം സുരക്ഷിതമാക്കാൻ തായ്‌ലൻഡിലേക്ക് തന്നെ കുടിയേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |