തിരുവനന്തപുരം:വ്യവസായ എസ്റ്റേറ്റുകളിലെ സർക്കാർ ഭൂമിക്ക് വേഗത്തിൽ പട്ടയം നൽകാനും സംരംഭകരുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് ലളിതമാക്കാനുമുള്ള ചട്ടപരിഷ്‌കരണത്തിന് തൃശൂരിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. കേരള ഗവ. ലാന്റ് അലോട്ട്‌മെന്റ് ആൻഡ് അസൈൻമെന്റ് ഫോർ ഇൻഡസ്ട്രിയൽ പർപ്പസ് റൂൾസ് -2023 ആണ് നടപ്പാക്കുന്നത്. പുതിയ ചട്ടം റവന്യൂവകുപ്പിന്റെ അംഗീകാരത്തോടെയുള്ളതായതിനാൽ കളക്ടർമാർക്ക് പട്ടയ അപേക്ഷ പരിഗണിക്കാൻ തടസമില്ല.
ഇതോടെ അതിവേഗം ഭൂമി കൈമാറ്റം ചെയ്യാനും മറ്റൊരു സംരംഭമാക്കി മാറ്റാനും കഴിയും. ഏറെക്കാലമായി സംരംഭകർ ഉന്നയിച്ചുവരുന്ന ആവശ്യമാണിത്.
1964 ലെ സർക്കാർ വിജ്ഞാപന പ്രകാരമാണ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നൽകിയിരുന്നത്. പട്ടയത്തിനുള്ള അപേക്ഷ അതത് ജനറൽ മാനേജർമാർ, വ്യവസായ വകുപ്പ് ഡയറക്ടർ മുഖേന റവന്യൂ വകുപ്പിന് സമർപ്പിക്കുന്നതായിരുന്നു നടപടി. പട്ടയം അനുവദിക്കുന്നതിന് വലിയ കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കാൻ 2020ൽ ഉത്തരവ് പുറപ്പെടുവിച്ചു. ജനറൽ മാനേജർമാർ നേരിട്ട്, ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിച്ച് തഹസിൽദാർ മുഖേന പട്ടയം അനുവദിക്കുന്ന വ്യവസ്ഥ നിലവിൽ വന്നു. ചട്ടത്തിന്റെ പിൻബലമില്ലാത്തതിനാൽ കളക്ടർമാർക്ക് പട്ടയം അനുവദിക്കുന്നതിൽ പരിമിതികളുണ്ടായി. ഈ സാഹചര്യത്തിലാണ് 1960 ലെ ലാന്റ് അസൈൻമെന്റ് ആക്ടിന്റെ പിൻബലമുള്ള പുതിയ ലാന്റ് റൂൾസ് നടപ്പാക്കുന്നത്.
മൂന്നു വർഷം കഴിഞ്ഞാൽ കൈമാറാം
1. ഭൂമി വാങ്ങുന്ന വ്യക്തി ആദ്യത്തെയാൾ സർക്കാരിന് നൽകിയ അതേ വില നിൽകിയാൽ മതി. നിലവിൽ അധിക വിലയും 10 ശതമാനം പ്രോസസിംഗ് ഫീസും നൽകണം.
2. സ്ഥലത്തിന്റെ അലോട്ട്മെന്റ് മുതൽ മൂന്ന് വർഷം കഴിഞ്ഞാൽ കൈമാറ്രം നടത്താം. നിലവിൽ ഉത്പാദനം തുടങ്ങി മൂന്നു വർഷത്തിന് ശേഷമേ കൈമാറ്രം സാദ്ധ്യമാവൂ.
3. അലോട്ട്മെന്റ് മുതൽ മൂന്ന് വർഷം കഴിഞ്ഞാൽ സംരംഭത്തിന്റെ ഘടന മാറ്റി പുതിയ സംരംഭം തുടങ്ങാം. നേരത്തെ ഉത്പാദനം തുടങ്ങി മൂന്ന് വർഷം കഴിഞ്ഞാലെ ഘടനമാറ്റം അനുവദിച്ചിരുന്നുള്ളൂ.
പട്ടയം മാറാതെ വ്യവസായം മാറാം
പട്ടയ രേഖയിൽ (ഫോം ഡി VII) വ്യവസായ പ്രവർത്തനം എന്ന് മാത്രമേ രേഖപ്പെടുത്തൂ. പഴയതുപോലെ സംരംഭം സൂചിപ്പിക്കില്ല. (ഉദാ: മത്സ്യ സംസ്കരണം, തീപ്പെട്ടി നിർമ്മാണം).വ്യവസായം മറ്റൊന്നായി മാറ്റിയാലും പട്ടയ മാറ്റം ആവശ്യമില്ല.
ഓൺലൈൻ ഗെയിം ജി.എസ്.ടിയ്ക്ക് ഓർഡിനൻസ്
കുതിരപ്പന്തയം, ചൂതാട്ടങ്ങൾ, ഓൺലൻൈ ഗെയിം തുടങ്ങിയവയ്ക്ക് സംസ്ഥാനത്തും 28 ശതമാനം ചരക്കു സേവന നികുതി ഈടാക്കും. 2023 ഒക്ടോബർ ഒന്നുമുതലുള്ള മുൻകാല പ്രാബല്യമുവുമുണ്ടാകും. ഇതിനായി സംസ്ഥാന ചരക്കുസേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് കൊണ്ടുവരാനും തൃശൂർ രാമനിലയത്തിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതോടെ ഇവ നിയമത്തിന്റെ പരിധിയിൽ വരും. ജി.എസ്.ടി കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളുടെ തുടർച്ചയായാണ് സംസ്ഥാനത്തും നികുതി ചുമത്തുന്നത്.
അതേസമയം ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, ചൂതാട്ടം എന്നിവ നികുതിയുടെ പരിധിയിൽ വന്നെങ്കിലും ഇവ സംസ്ഥാനത്ത് ആരംഭിക്കുമോ എന്നതിൽ വ്യക്തതയില്ല. നിലവിൽ ഇവ കേരളത്തിൽ നിയമാനുസൃതമല്ല. ഇവ തുടങ്ങണമോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിലുള്ളതാണ്. പന്തയത്തിന്റെ മുഖവിലയ്ക്കാണ് നികുതി. അതായത് 1000 കോടിയുടെ കുതിരപ്പന്തയം നടന്നാൽ ഇത്രയും തുകയുടെ 28 ശതമാനം ജി.എസ്.ടിയായി നൽകണം. പന്തയ ലാഭത്തിന്റെ 28 ശതമാനം തുകയ്ക്കു നികുതി ഈടാക്കണമെന്ന നിർദ്ദേശം ജി.എസ്.ടി കൗൺസിൽ തള്ളിയിരുന്നു.
നിലവിൽ 28 ശതമാനം നികുതി ലോട്ടറിക്ക്
ഗോവ, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുതിരപ്പന്തയവും ചൂതാട്ടവും നിലവിലുള്ളത്. കേരളത്തിൽ കടലാസ് ലോട്ടറിക്ക് 28 ശതമാനം നികുതിയുണ്ട്. 50-ാമത് ജി.എസ്.ടി കൗൺസിൽ യോഗം കാസിനോ, കുതിരപ്പന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്ക്ക് 28 ശതമാനം ജി.എസ്.ടി നിശ്ചയിച്ചിരുന്നു. തുടർന്ന് കേന്ദ്രം ജി.എസ്.ടി നിയമം ഭേദഗതി ചെയ്തു. അന്നുമുതൽ സംസ്ഥാനത്തും നിയമഭേദഗതി ഓർഡിൻസ് പരിഗണനയിലുണ്ടായിരുന്നെങ്കിലും വിവാദം പേടിച്ച് മാറ്റിവയ്ക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |