തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപക സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്താൻ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ചട്ട, നയ ഭേദഗതികൾക്ക് സർക്കാർ. നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയുടെ തുടർച്ചയായിട്ടാണിത്. 31 ചട്ടങ്ങളിലാണ് ഭേദഗതി. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ടത് മാത്രം 13. വ്യാവസായിക ആവശ്യങ്ങൾക്ക് 15 ഏക്കറിന് മുകളിലുള്ള ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് മന്ത്രിതല സമിതിയുടെ പരിഗണനയുമായി ബന്ധപ്പെട്ട ഉത്തരവിലെ ആശയക്കുഴപ്പം പരിഹരിക്കും.
റവന്യു, വൈദ്യുതി, പരിസ്ഥിതി, തൊഴിൽ, കൃഷി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടതും പൊതുവായതുമായ ചട്ടങ്ങളുമാണ് പുതുക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക. ഭൂമി തരംമാറ്റം സംബന്ധിച്ച് കൃഷി ഓഫീസർമാരുടെ അധികാരം വ്യക്തമാക്കി സർക്കുലർ ഇറക്കും.
കാറ്റഗറി രണ്ട് പഞ്ചായത്തുകളിലെ വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ അനുവദനീയമായ പരമാവധി വിസ്തൃതിയിൽ വർദ്ധന വരുത്തും. പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിട പെർമിറ്റിന് അപേക്ഷിക്കുന്നതിന് അനുബന്ധ രേഖകളുടെ പട്ടിക പരിഷ്കരിക്കും. രജിസ്റ്റർ ചെയ്ത പാട്ടക്കരാർ കെട്ടിട ഉടമാവകാശത്തിനുള്ള രേഖയായി പരിഗണിക്കാനാണ് ആലോചിക്കുന്നത്.
ഉച്ചകോടിയിൽ ലഭിച്ച താത്പര്യ പത്രങ്ങൾക്ക് മുൻഗണന നൽകാൻ തദ്ദേശ വകുപ്പിൽ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും. മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, വി.ശിവൻകുട്ടി, പി.പ്രസാദ്, ആർ.ബിന്ദു, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.
പാർക്കിംഗ് മാനദണ്ഡങ്ങളിൽ ഇളവ്
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും നിർബന്ധിത പാർക്കിംഗ് സൗകര്യങ്ങൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരും. കെട്ടിടത്തിന്റെ വിസ്തൃതി കണക്കാക്കുന്ന രീതി പുതുക്കും. സംരംഭം സ്ഥാപിക്കുന്ന സമയത്തുള്ള കെട്ടിട നിർമ്മാണ നിയമങ്ങളുടെ വിപുലീകരണത്തിന് അനുമതി നൽകിയേക്കും.
അധിക ഫീസ് വ്യവസ്ഥ മാറ്റും
കേരള നെൽവയൽ സംരക്ഷണ ചട്ടങ്ങളുമായി ബന്ധപ്പെട്ട് അധിക ഫീസ് അടയ്ക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നത് ധനവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും
സുതാര്യവും കാര്യക്ഷമവുമായ ഭൂവിനിയോഗത്തിനായി യുണീക്ക് തണ്ടപ്പർ നമ്പർ സമ്പ്രദായം വേഗത്തിലാക്കും
2019ലെ കെട്ടിട നിർമ്മാണച്ചട്ടങ്ങളിൽ കവാടങ്ങളുടെ വീതി സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |