SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.01 PM IST

സർക്കാർ ഓഫീസ് ബോർഡുകളിൽ മലയാളവും വേണം

Increase Font Size Decrease Font Size Print Page
kerala-govt

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ എല്ലാ ബോർഡുകളും ഇംഗ്ലീഷിനൊപ്പം മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ - ഭരണ പരിഷ്കാര വകുപ്പിന്റെ സർക്കുലർ.

ഭരണഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിർദേശങ്ങളും വകുപ്പുകൾ പാലിക്കാത്തതിനെ തുടർന്നാണിത്.

സ്ഥാപനങ്ങളുടെ ബോർഡുകൾ മുമ്പിൽ മലയാളത്തിലും പിന്നിൽ ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ എഴുതണം. ഓഫീസ് മുദ്രകൾ, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തിക മുദ്രകൾ എന്നിവ ഇനി മലയാളത്തിൽ കൂടി വേണം.

ഹാജർ പുസ്തകം, സ്യൂട്ട് രജിസ്റ്റർ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തിൽ തയാറാക്കി മലയാളത്തിൽത്തന്നെ രേഖപ്പെടുത്തണം. ഫയലുകൾ പൂർണമായും മലയാളത്തിൽ കൈകാര്യം ചെയ്യണം. ഭരണഭാഷാ ഉപയോഗം സംബന്ധിച്ച് സർക്കാർ നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെ ഏഴു സാഹചര്യങ്ങളിലും ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ എന്നിവ ഉപയോഗിക്കേണ്ടതായ സാഹചര്യങ്ങളിലുമൊഴികെ ഫയൽ പൂർണമായും മലയാളത്തിലായിരിക്കണം. ഇംഗ്ലീഷ്/ന്യൂനപക്ഷ ഭാഷയിൽ കത്തുകൾ തയ്യാറാക്കുമ്പോൾ കുറിപ്പ് ഫയൽ മലയാളത്തിലായിരിക്കണം.

മലയാള ദിനപത്രങ്ങൾക്കുള്ള പരസ്യങ്ങൾ, ടെണ്ടർ ഫോറങ്ങൾ എന്നിവ പൂർണമായും മലയാളത്തിൽ നൽകണം. ഭരണരംഗത്ത്, 2022ലെ ലിപി പരിഷ്‌കരണ നിർദേശ പ്രകാരമുള്ള ഫോണ്ടുകൾ ഉപയോഗിക്കണം. ഫോണ്ട് കേരള സർക്കാരിന്റെ വെബ്‌പോർട്ടലിൽ ലഭ്യമാണെന്നും സർക്കുലറിൽ പറയുന്നു. ഈ നടപടികൾ എല്ലാ വകുപ്പു തലവന്മാരും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപന മേധാവികളും 30നകം പൂർത്തിയാക്കണം.

TAGS: KERALAGOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY