SignIn
Kerala Kaumudi Online
Saturday, 27 July 2024 1.13 PM IST

സ്ത്രീധനം ആവശ്യപ്പെടുന്നവരോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണം, പ്രതികരണവുമായി മുഖ്യമന്ത്രി

cm

കൊച്ചി: സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരളസദസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി പറഞ്ഞത്

ബഫർ സോണുമായി ബന്ധപ്പെട്ട കാര്യമാണ് ആദ്യം പറയാനുള്ളത്. 2022 ജൂൺ മൂന്നിന്റെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജിയും കേന്ദ്രസർക്കാർ മോഡിഫിക്കേഷൻ ഹർജിയും ഫയൽ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് ജനവാസമേഖലകൾ ബഫർസോൺ പരിധിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം. സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചിരിക്കുന്നു.


ബഫർസോൺ പ്രദേശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങൾ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമർപ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങൾക്കും അന്തിമവിജ്ഞാപനങ്ങൾക്കും ഒരു കിലോമീറ്റർ പരിധി വേണമെന്ന വിധി ബാധകമല്ല എന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിരുന്നു.

പുനഃപരിശോധനാ ഹർജി അനുവദിച്ചതിനാൽ കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങൾ സമർപ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുമ്പോൾ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകൾ നേരത്തെ നൽകിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾ അംഗീകരിച്ചു കൊണ്ടുള്ള ബഹു. സുപ്രീം കോടതി വിധി ജനങ്ങളെ കുറേ കാലമായി അലട്ടുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമായിരിക്കുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു പാലിക്കാൻ കഴിഞ്ഞെന്ന് സർക്കാരിന് അഭിമാനത്തോടെ പറയാം. നവകേരള സദസ്സ് ജനാധിപത്യത്തിൻ്റെ മാത്രമല്ല; ഭരണനിർവ്വഹണത്തിൻ്റെ കൂടി പുതിയ ഒരു മാതൃക ഉയർത്തുകയാണ്. ഓരോ വേദിയിലും തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെവരെ 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്.

ഇത്രയധികം നിവേദനങ്ങൾ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെപരിഹാരങ്ങൾ ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരികയാണ്. നവംബർ 18,19 തീയതികളിൽ കാസർകോട് ജില്ലയിൽ നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളിൽ ആകെ 14701 നിവേദനകളാണ് ലഭിച്ചത്. 255 എണ്ണം തീർപ്പാക്കി. 11950 എണ്ണം വിവിധ വകുപ്പ് ഓഫീസുകളിൽ പരിഗണനയിലാണ്. പൂർണമല്ലാത്തതും അവ്യക്തവുമായ 14 പരാതികൾ പാർക്ക് ചെയ്തു. 2482 എണ്ണം നടപടി ആരംഭിച്ചു.

തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവിൽ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വർഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതൽ നിവേദനങ്ങൾ ലഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പിൽ ലൈഫ് പദ്ധതി ഉൾപ്പെടെ 4488, റവന്യു വകുപ്പിൽ 4139 , കളക്ടറേറ്റിൽ 580, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിൽ 496, പൊതു വിദ്യാഭ്യാസ വകുപ്പിൽ 359, പൊതുമരാമത്ത് വകുപ്പിൽ 331, തൊഴിൽ വകുപ്പിൽ 305, പട്ടികജാതി പട്ടിക വർഗവികസന വകുപ്പിൽ 303, സഹകരണ വകുപ്പിൽ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 257 എന്നിങ്ങനെയാണ് നിവേദനങ്ങൾ പരിഗണനയ്ക്കു വന്നത്.

കണ്ണൂർ ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്. ഏറ്റവുമധികം നിവേദനങ്ങൾ എൽഎസ്ജിഡിയുമായി ബന്ധപ്പെട്ടാണ് വന്നത്. ലഭിച്ച 8663 നിവേദനങ്ങളിൽ 4614 എണ്ണത്തിൽ നടപടി ആരംഭിച്ചു. രണ്ടെണ്ണം തീർപ്പാക്കി. റവന്യു-5836, സഹകരണം-2118, പൊതുവിദ്യാഭ്യാസം-1274, ഭക്ഷ്യ സിവിൽസപ്ലൈസ്-1265, തൊഴിൽ വകുപ്പ്-1231, പൊതുമരാമത്ത്-722, ആരോഗ്യ-കുടുംബക്ഷേമം-719, സാമൂഹ്യനീതി-596, ജലവിഭവം-458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളിൽ ലഭിച്ച നിവേദനങ്ങൾ. ഇതിൽ ഇതുവരെ 312 എണ്ണം തീർപ്പാക്കി. 12510 ൽ നടപടി ആരംഭിച്ചു.

വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നവകേരള സദസ്സിനു ഇതിനകം സാധിച്ചു. ഉദാഹരണമായി കാസർകോട് മുളിയാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ഏരിഞ്ചേരിയിൽ 9 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടം ഉയരാൻ പോവുകയാണ്. ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനത്തിനാണ് ദിവസങ്ങൾക്കുള്ളിൽ റവന്യൂഭൂമി അനുവദിച്ച് ഉത്തരവായത്.

30 ശതമാനം പണമടച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്നറിയിച്ച് പണം വാങ്ങിയശേഷം വഞ്ചിച്ച കൊച്ചി കാക്കനാട്ടെ സ്റ്റാർട്ടപ്പ് കമ്പനിയുടെ നടപടിക്കെതിരെ ആർഡി നഗർ മന്നിപ്പാടിയിലെ വി അനഘ എന്ന വിദ്യാർത്ഥി നൽകിയ പരാതിയ്ക്ക് ദിവസങ്ങൾക്കുള്ളിൽ പരിഹാരമായി. അനഘയെപ്പോലെ വഞ്ചിതരായ മറ്റ് കൂട്ടുകാർക്കും പണം തിരികെ ലഭിച്ചു. അതുപോലെ കാറ്റിലും മഴയിലും ഭാഗികമായി തകർന്ന വീടിന്റെ പുനരുദ്ധാരണത്തിന് ധനസഹായം ആവശ്യപ്പെട്ട് ഉദുമ മയിലാട്ടിയിലെ എം.രത്‌നാകരൻ നൽകിയ നിവേദനത്തിനും പരിഹാരമായി. രത്നാകരനു തുകയനുവദിക്കുന്ന സെയ്പ് പദ്ധതിയിൽ ജില്ലയിൽ നടപ്പു സാമ്പത്തിക വർഷം 150 പേർ ഗുണഭോക്തക്കളാകും. നിലവിൽ 72 പേർക്ക് സേവനം നൽകി കഴിഞ്ഞു.

തേജസ്വിനി പുഴയുടെ പാലായി തീരവളപ്പ് മുതൽ കരുവാത്തല വരെയുള്ള 500 മീറ്ററോളം പുഴയുടെ വലതു കരയിൽ കരയിടിച്ചിൽ ഭീഷണിയിലായതിനാൽ പേരോൽ സ്വദേശി പി മനോഹരൻ നൽകിയ അപേക്ഷയിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഈ ഭാഗത്ത് പുഴയുടെ കര കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ജലവിഭവ വകുപ്പിന്റെ പരിഗണനയിലാണ്.

ലഭിക്കുന്ന നിവേദനങ്ങളിൽ പൊതു ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും സങ്കടങ്ങളും സർക്കാരിന്റെ പരിധിയിൽ വരാത്ത കാര്യങ്ങളും ഒക്കെ ഉണ്ട്. വ്യവസ്ഥാപിത രീതിയിൽ അപേക്ഷ സമർപ്പിച്ച് നിശ്ചിത യോഗ്യത തെളിയിച്ച് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾക്കും നിവേദനം സമർപ്പിച്ചവർ ഉണ്ട്. ചില പരാതികൾക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ സ്വന്തം സങ്കടങ്ങളും പരിഭവങ്ങളും സമർപ്പിക്കാൻ തയ്യാറാവുന്നവരുമുണ്ട്. ജനങ്ങൾ സർക്കാരിൽ വിശ്വാസം അർപ്പിക്കുന്നത് കൊണ്ടാണ് കൂടുതൽ പേർ ഇങ്ങനെ മുന്നോട്ടു വരുന്നത്. നിവേദനങ്ങളുടെ എണ്ണം കൂടുന്നത് ശരിയായ അവസ്ഥയാണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളിൽ ഉയർന്നു കേട്ടു.

തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും സർക്കാർ ഉണ്ട് എന്ന വിശ്വാസമാണ്, ഏതു വിഷയവും ഇങ്ങനെ നിവേദനങ്ങളായി നൽകാൻ ജനങ്ങൾക്ക് പ്രചോദനമാകുന്നത്. ആ ജനവിശ്വാസമാണ് ജനാധിപത്യത്തിന്റെ വിജയം എന്നാണ് അവർക്കുള്ള മറുപടി. ലഭിച്ച എല്ലാ നിവേദനങ്ങളിലും നടപടിയുണ്ടാകും. നടപടികൾ ത്വരിതപ്പെടുത്താൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.

സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നതും നല്ലതുപോലെ കുതിപ്പേകുന്നതുമായ സുപ്രധാനമായ ഒരു തീരുമാനം ഇന്നലെ മന്ത്രിസഭായോഗം എടുത്ത വിവരം അറിഞ്ഞു കാണുമല്ലോ. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം സംബന്ധിച്ച നിർണായക ചട്ട പരിഷ്കരണത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതോടെ ഭൂമി കൈമാറ്റം ലളിതമാകും. ഒപ്പം സംരംഭങ്ങളിലെ മാറ്റങ്ങൾക്കും സാധുതയാവുകയാണ്.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയിൽ പട്ടയം അനുവദിക്കും. ദശാബ്ദങ്ങളായി സംരംഭകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് നടപ്പിലാവുന്നത്. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാവും. നിശ്ചയിച്ച വ്യവസായ സംരംഭങ്ങൾക്ക് പകരം മറ്റ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും തടസ്സമില്ല.

നവകേരള സദസ്സ് ഇന്ന് ഉച്ചക്ക്ശേഷം എറണാകുളം ജില്ലയിൽ പര്യടനം ആരംഭിക്കുകയാണ്. ഇന്നലെ തൃശൂരിലെ നാല് മണ്ഡലങ്ങളിൽ ലഭിച്ച നിവേദനങ്ങൾ താഴെ പറയുന്നവയാണ്.

ഇരിങ്ങാലക്കുട -4274
കൊടുങ്ങല്ലൂർ - 3016
കയ്പമംഗലം- 4443
പുതുക്കാട് - 4269

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM, SHAHNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.