SignIn
Kerala Kaumudi Online
Wednesday, 28 February 2024 2.46 AM IST

ജീവന്റെ നിലനിൽപ്പിനെ മലിനീകരണം ബാധിക്കുന്നുവോ?

k

പരിസ്ഥിതി മലിനീകരണം ചികിത്സിക്കുവാൻ കഴിയാത്ത ഒരു രോഗമാണ്, ഇത് തടയാൻ മാത്രമേ കഴിയുകയുള്ളൂ. നല്ല വായുവും, വെള്ളവും, പരിസരവും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തലുമായിയാണ് ഇക്കഴിഞ്ഞ ഡിസംബർ 2ന് ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിച്ചത്. ഭരണകൂടത്തോടൊപ്പം ഓരോ മനുഷ്യനും നിർവഹിക്കേണ്ട ചുമതലകൾ കൂടിയാണ് ഈ ദിനം നമ്മളെ ഓർമിപ്പിച്ചത്.

ശാസ്ത്രത്തിന്റെ കുതിപ്പ് നമ്മുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും ചുറ്റുപാടുകൾ നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും നിർവികാരതയോടെ നോക്കിനിൽക്കാനേ മനുഷ്യർക്ക് സാധിക്കുന്നുള്ളൂ.ശ്വസിക്കുവാൻ ശുദ്ധ വായു പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്.

1984 ഡിസംബർ രണ്ടിനുണ്ടായ ഭോപ്പാൽ വിഷ വാതക ദുരന്തത്തെ ഓർമ്മിപ്പിച്ചാണ് ഡിസംബർ 2ന് ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്. ഭോപ്പാൽ ദുരന്തം ലോകത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വ്യവസായ ദുരന്തങ്ങളിൽ ഒന്നാണ്. യൂണിയൻ കാർബേഡ് ഇന്ത്യ ലിമിറ്റഡിന്റെ ഭോപ്പാലിലെ വള നിർമ്മാണശാലയിൽ നിന്ന് വിഷവാതകം പുറത്തേക്കൊഴുകിയാണ് ഈ ദുരന്തം ഉണ്ടായത്. അന്ന് 2259 പേർ മരിക്കുകയും തുടർ ദിവസങ്ങളിലും ദുരന്തത്തിന്റെ ഫലമായും 25000 പേർ മരിച്ചെന്നാണ് സർക്കാർ പറയുന്നത്. യൂണിയൻ കാർബേഡ് കോർപ്പറേഷന്റെ 45 ടൺ മീഥേൻ ഐസോസയനേറ്റ് എന്ന കീടനാശിനിയാണ് പുറത്തേക്ക് ഒഴുകി ജനങ്ങളുടെ ജീവൻ അപഹരിച്ചത്. ദുരന്തം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും 2021ൽ 400 ടണ്ണിലധികം വ്യവസായ മാലിന്യങ്ങൾ ഇവിടെ കൂടിക്കിടക്കുന്നു എന്നാണ് റിപ്പോർട്ട്.

ദുരന്തമുഖമായി മലിനീകരണം

ലോകത്ത് പത്തിൽ ഒമ്പത് പേർക്കും സുരക്ഷിതമായി ശ്വസിക്കുവാനുള്ള വായു ലഭിക്കുന്നില്ല. സൂക്ഷ്മമായതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതുമായ വസ്തുക്കൾ വായുവിൽ ചേർന്ന് പ്രസ്തുത വായു ശ്വസിക്കുമ്പോൾ ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവക്ക് തകരാർ സംഭവിക്കുന്നു. വെള്ളം, വായു, ജലം സർവത്ര മലിനമാണ്, ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളിലും വായു മലിനീകരണം വലിയ പ്രശ്നമായി അലട്ടുന്നു. ലോകത്ത് മലിനീകരണം കൂടുതലുള്ള രാജ്യങ്ങളിൽ ചൈന, അമേരിക്ക, ഇന്ത്യ, റഷ്യ, ജപ്പാൻ എന്നിവ ഉൾപ്പെടുന്നു. വായുമലിനീകരണം രൂക്ഷമായ ലോകത്ത് 50 നഗരങ്ങളിൽ 39 നഗരവും ഇന്ത്യയിലാണ്. പി.എം (പാർട്ടിക്കുലർ മാറ്റർ) 2.5ൽ കൂടുതലുള്ള നഗരങ്ങളാണ് ഇന്ത്യയിൽ കൂടുതലും ഉള്ളത്. ലോകത്ത് ഏറ്റവും മലിനമായ 14 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിലാണ്. ഇന്ത്യയിൽ മൊത്തം മരണങ്ങളിൽ 12.5 %ത്തിന് കാരണം വായു മലിനീകരണമാണ്. ലോകത്ത് ചാഡ്,ഇറാക്ക്, പാക്കിസ്ഥാൻ,ബഹ്റൈൻ, ബംഗ്ലാദേശ്,ബുർക്കിനോ ഫാസോ കഴിഞ്ഞാൽ ഇന്ത്യയിലാണ് വായു മലിനീകരണം ഏറ്റവും കൂടുതൽ ഉള്ളത്. ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള നഗരം പാക്കിസ്ഥാനിലെ ലാഹോറാണ്,ചൈനയിലെ ഹോട്ടൻ,രാജസ്ഥാനിലെ ദിവാദി,നാലാമത്തേ നഗരം ഡൽഹിയുമാണ്. ലോകത്ത് അഞ്ച് തരം മലിനീകരണമാണ് ഉണ്ടാവുന്നത് വായു,വെള്ളം, മണ്ണ്,റേഡിയോ ആക്ടിവ് മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയാണ്.

പ്രകൃതിക്ക് വിഘാതമായി വാഹനങ്ങൾ

വാഹന സാന്ദ്രത അമേരിക്കയ്ക്ക് തുല്യമായ കേരളത്തിൽ വാഹനങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വായുമലിനീകരണം വിവരണാതീതമായാണ് ഉണ്ടാകുന്നത്. വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ നിന്നും കാർബൺ മോണോക്സൈഡ്, നൈട്രിക് ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, ലെഡിന്റെ ചെറു കണികകൾ, കത്തിക്കാത്ത ഇന്ധനത്തിന്റെ തരികൾ, ബെൻസീൻ എന്നിവ അന്തരീക്ഷത്തിലേക്ക് ബഹിർഗമിക്കുന്നു. വായു മലിനീകരിക്കപ്പെടാനും അന്തരീക്ഷത്തിന് ചൂടു വർദ്ധിപ്പിക്കുവാനും ഇത് കാരണമാകുന്നു,കൂടാതെ കൃഷിയിടങ്ങളിൽ തളിക്കുന്ന കീടനാശിനികളും അന്തരീക്ഷത്തിൽ മലിനീകരണം ഉണ്ടാക്കുന്നു, ഇതെല്ലാം ഓസോൺ പാളിക്ക് ദ്വാരം വീഴ്ത്തും, അൾട്രാ വയലറ്റ് രശ്മികൾ നേരിട്ട് ഭൂമിയിലെത്താൻ ഇത് കാരണമാകുന്നതാണ്. മലിനീകരണം തിരിച്ചറിയാൻ കഴിവുള്ള ചെടികളായ ലൈക്കനുകൾ പ്രകൃതിയിൽ ധാരാളം ഉണ്ടായിരുന്നു എന്നാൽ വലിയ രീതിയിൽ പ്രകൃതി മലിനീകരണപ്പെട്ടതോടെ ലൈക്കനുകൾ അടക്കം നശിച്ചു.

വരുന്നു ഓക്സിജൻ പാർലറുകൾ

പ്രതിദിനം 5.75 ലിറ്റർ ഓക്സിജൻ മനുഷ്യന് ആവശ്യമാണ്. ബ്യൂട്ടിപാർലർ,ഐ.സ് പാർലർ എന്നിവ പോലെ ഓക്സിജൻ പാർലറുകളും രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു. ജപ്പാനിൽ ഓക്സിജൻ പാർലറുകൾ നിത്യ കാഴ്ചയാണെങ്കിൽ ഇന്ത്യയിൽ ഇത് അടുത്തകാലത്താണ് ആരംഭിച്ചിട്ടുള്ളത്.

മലിനപ്പെടുന്ന വെള്ളം

ഭൂമിയിൽ ഏകദേശം 136 കോടി ഘന മീറ്ററോളം ജലം ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമിയിൽ മൂന്നിൽ രണ്ട് ഭാഗം വെള്ളമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ പ്രതിവർഷം അഞ്ചു കോടി ജനങ്ങൾ മലിനജലം ഉപയോഗിക്കുന്നത് കാരണം മരിക്കുന്നു. ഭൂമിയുടെ 70% സമുദ്രമാണ്, സമുദ്രജലത്തിന്റെ പി.എച്ച് മൂല്യത്തിൽ മാറ്റം വന്നു അന്തരീക്ഷത്തിലെ ചൂട്, കാർബൺ എന്നിവ കടൽ ആഗിരണം ചെയ്യുന്നു അന്തരീക്ഷത്തിലെ 90% ചൂട് വായു സംഭരിക്കുന്നത് സമുദ്രങ്ങളാണ്. സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ആഴത്തിലും, 52% സമുദ്രത്തിലും ഉഷ്ണ തരംഗം ഉണ്ടാകുന്നു ഏറ്റവും കുറവ് പി.എച്ച് മൂല്യം സമുദ്രത്തിൽ രേഖപ്പെടുത്തിയത് 2022ലാണ്. മഞ്ഞ് ഉരുകുന്നത് വലിയ ഭീഷണിയാണ്,അന്തരീക്ഷത്തിലെ ക്ലോറിന്റെയും ബ്രൗമിന്റെയും സാന്നിദ്ധ്യം ഓസോൺ ശോഷണത്തിന് കാരണമാകുന്നു.

ശബ്ദ മലിനീകരണം

പ്രകൃതിക്ക് ഭീഷണിയായി വലിയ രീതിയിലുള്ള ശബ്ദ മലിനീകരണം ചുറ്റുവട്ടത്തും ഉയർന്ന് കേൾക്കുന്നു. 80 ഡെസിബിൽ ശബ്ദമാണ് മലിനീകരണം സൃഷ്ടിക്കപ്പെടാത്ത ശബ്ദം. 0 മുതൽ 10 വരെ ഡെസിബിൾ ശബ്ദം ഇലകളുടെ മർമ്മരത്തിന്റെ ശബ്ദത്തിന്റെ തോതാണ്. മനുഷ്യർ തമ്മിൽ രഹസ്യം പറയുമ്പോൾ പത്ത് മുതൽ 20 ഡെസിബിൽ ശബ്ദം പുറപ്പെടുവിക്കുന്നു. 80 ഡെസിബലിനേക്കാൾ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്നതെല്ലാം അന്തരീക്ഷത്തിൽ മലിനീകരണം ഉണ്ടാക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

4 ഹൈഡ്രോ കാർബണുകൾ

മീഥൈൻ പ്രൊപ്പൈൻ പോലുള്ള ദ്രാവകങ്ങൾ, ഹെക്സൈൻ, ബെൻസീൻ പോലുള്ള കുറഞ്ഞ ഉരുകൽ ഖരാപദാർത്ഥങ്ങൾ പാരാഫിൻ വാക്സ്, നാഫ്തലിൻ അല്ലെങ്കിൽ പോളിമറുകൾ ഇവയൊക്കെയാണ് ഹൈഡ്രോ കാർബൺ പൂർണ്ണമായും ഹൈഡ്രജനും കാർബണമടങ്ങിയ ഒരു ജൈവസംയുക്തമാണ് ഹൈഡ്രോകാർബൺ.

ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിൽ രണ്ടും പ്രകൃതിയിൽ തന്നെ തിരിച്ചെത്തുന്നു. 2050 ആകുമ്പോഴേക്കും കടൽ തീരത്ത് പ്ലാസ്റ്റിക്ക് മാലിന്യം തട്ടി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും. ഒരു വർഷം 250 ബില്യൺ ടൺ സിന്തറ്റിക്ക് കെമിക്കൽ ലോകത്ത് ഉത്പാദിപ്പിക്കുന്നു, ഒരു വർഷം എട്ടു ദശലക്ഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമുദ്രത്തിൽ.

മലിനീകരണം ഒരു വലിയ അജണ്ടയായി രാജ്യങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ മനുഷ്യരാശി നേരിടാൻ പോകുന്ന ഏറ്റവും വലിയ മഹാവിപത്താകും മലിനീകരണം എന്നതിൽ യാതൊരു സംശയവുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.