
കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ മലിനമായ കുളത്തിലും മറ്റും കുളിച്ചവരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം 200ന് അടുത്താണ്. നാല്പതിലേറെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പും ചെന്നൈ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദ്ധരും ചേർന്നുള്ള ഫീൽഡുതല പഠനം ആരംഭിച്ചിരുന്നുവെങ്കിലും ഉറവിടം സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |