SignIn
Kerala Kaumudi Online
Tuesday, 14 May 2024 4.37 AM IST

കാനം ഇനി കനലോർമ്മ: പ്രിയ നേതാവിന് വിടനൽകി കേരളം, അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

kanam2

കോട്ടയം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് കേരളം വിടനൽകി. രാവിലെ പതിനൊന്നുമണിയോടെ കാനത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടി ഡി രാജ തുടങ്ങി പതിനായിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. സ്ത്രീകളടക്കം മുദ്രാവാക്യം വിളികളോടെയാണ് തങ്ങളുടെ പ്രിയനേതാവിനെ യാത്ര അയച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കാനത്തെ വീട്ടിലെത്തിയത്. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് അർദ്ധരാത്രിയിലും പാതവക്കിൽ കാത്തുനിന്നത്. കടന്നുപോയ സ്ഥലങ്ങളിലെല്ലാം ജനങ്ങൾ തിങ്ങിനിറഞ്ഞതോടെ വിലാപയാത്ര ഓരോ പോയിന്റും കടക്കാൻ മണിക്കൂറുകൾ എടുത്തു. പുലർച്ചെ ഒരുമണിയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. അപ്പോഴേക്കും ഓഫീസും പരിസരവും ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാവിലെ കാനത്തെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും അശ്രുപൂജ അർപ്പിച്ചശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. സി.പി.ഐയുടെ താത്കാലിക പാർട്ടി ആസ്ഥാനമായ പട്ടത്തെ പി.എസ് സ്മാരകത്തിലാണ് രാവിലെ 11 മണിയോടെ ഭൗതികദേഹം പൊതുദർശനത്തിനെത്തിച്ചത്. ചടുലനീക്കങ്ങളിലൂടെ പാർട്ടിയെ കെട്ടുറപ്പുള്ളതാക്കാൻ എക്കാലവും പരിശ്രമിച്ച കാനത്തിന്റെ ചേതനയറ്റ ദേഹത്തിനുമുന്നിൽ വിങ്ങിപ്പൊട്ടിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയെ കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ആശ്വസിപ്പിക്കുന്ന ദൃശ്യം കണ്ടുനിന്നവരെയെല്ലാം കണ്ണീരണയിച്ചു.

മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ. അനിൽ തുടങ്ങിയവർ പൊട്ടിക്കരയുന്ന ദൃശ്യങ്ങളും വേദനാജനകമായിരുന്നു.കാനം എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിലെത്തിച്ച പ്രിയ സഖാവിന്റെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാൻ രാഷ്ട്രീയ ഭേദമെന്യേ ആയിരങ്ങളാണ് തലസ്ഥാനത്തെന്നപോലെ കുടുംബവീട്ടിലും പരിസരപ്രദേശങ്ങളിലും കാത്തുനിന്നത്.

ഇന്നലെ രാവിലെ 9.45യോടെ പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരം തലസ്ഥാനത്ത് എത്തിച്ചത്.'ഇല്ല ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ" എന്ന മുദ്രാവാക്യം മുഴക്കി റെഡ് വോളണ്ടിയർമാർ എതിരേറ്റ ഭൗതിക ശരീരത്തിൽ പാർട്ടി നേതാക്കളായ കെ.ഇ. ഇസ്മായിൽ, ബിനോയ് വിശ്വം, പ്രകാശ് ബാബു, പി.സന്തോഷ് കുമാർ,സത്യൻ മോകേരി, ഇ.ചന്ദ്രശേഖരൻ, പി.പി. സുനീർ, കെ.പി. രാജേന്ദ്രൻ, മന്ത്രി ജെ. ചിഞ്ചുറാണി തുടങ്ങിയവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. ഭാര്യ വനജയും മറ്റ് കുടുംബാംഗങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു. ഡി.രാജ, ബിനോയ് വിശ്വം എം.പി, പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു, പി.പി.സുനീർ തുടങ്ങിയവരും സി.പി.ഐ മന്ത്രിമാരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANAM, CPI, CREMATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.