ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.എസ്.പിക്ക് പുതുജീവൻ പകരാൻ പാർട്ടി അദ്ധ്യക്ഷ മായാവതി, സഹോദര പുത്രൻ ആകാശ് ആനന്ദിനെ ( 28 ) രാഷ്‌ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചു. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ പുത്രനാണ് ആകാശ്. നിലവിൽ പാർട്ടിയുടെ ദേശീയ കോ ഓർഡിനേറ്ററാണ്. ഇന്നലെ ലക്‌നൗവിൽ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് മായാവതിയുടെ പ്രഖ്യാപനം.
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായ ബി. എസ്. പിക്ക് യുവത്വത്തിന്റെ പ്രസരിപ്പുള്ള ആകാശിന്റെ നിയോഗം നേട്ടമാകുമെന്നാണ് പ്രതീക്ഷ. ബി. എസ്.പിയുടെ ദളിത് വോട്ട് ബാങ്ക് പിളർന്നു വളർന്ന തീപ്പൊരി ദളിത് നേതാവും ഭീം ആർമി പാർട്ടി സ്ഥാപകനുമായ ചന്ദ്രശേഖർ എന്ന 'രാവണനെ' നേരിടാൻ കൂടിയാണ് ആകാശിനെ കൊണ്ടുവരുന്നത്. പശ്ചിമ യു. പിയിലെ സഹരൻപൂർ, മുസാഫർ നഗർ, മീററ്റ്, ബാഗ്പത് തുടങ്ങിയ ജില്ലകളിലെ ദളിത് സമൂഹത്തിൽ ചന്ദ്രശേഖറുണ്ടാക്കിയ സ്വാധീനം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആകാശിന് നൽകിയിട്ടുണ്ടെന്ന് മുതിർന്ന നേതാവ് ഉദയ്‌വീർ പറഞ്ഞു. ഉത്തരാഖണ്ഡും ഉത്തർപ്രദേശും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണെന്നറിയുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സഹോദരൻ ആനന്ദ് കുമാറിനെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാക്കിയതിനൊപ്പമാണ് ആകാശിനെ ദേശീയ കോ- ഓർഡിനേറ്ററാക്കിയത്. അച്ചടക്ക നടപടിയായി ഡാനിഷ് അലി എം.പിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തതിന് പിന്നാലെയാണ് നീക്കം.
ലണ്ടനിൽ നിന്ന് എം.ബി.എ
ലണ്ടനിൽ നിന്ന് എം.ബി.എ ബിരുദം. 2017ൽ സഹരൻപുരിൽ മായാവതിയുടെ റാലിയിൽ രാഷ്‌ട്രീയ അരങ്ങേറ്റം. നിയമസഭാ തിരഞ്ഞെടുപ്പിൽ
മായാവതിക്കൊപ്പം പ്രചാരണത്തിൽ. 2019ൽ മായാവതിയുടെ ലോക്സഭാ പ്രചാരണത്തിൽ പ്രധാനി. തിരഞ്ഞെടുപ്പ് കമ്മിഷൻ മായാവതിയെ 48 മണിക്കൂർ വിലക്കിയപ്പോൾ മായാവതിക്കു വേണ്ടി പ്രസംഗിച്ചു. ബി.എസ്.പിയുടെ സമൂഹ മാദ്ധ്യമ പ്രചാരണത്തിന് മേൽനോട്ടം. കഴിഞ്ഞ വർഷം രാജസ്ഥാനിൽ നടത്തിയ പദയാത്ര വൻ വിജയമായി.
ആകാശിന്റെ വരവ് ജാതിക്കും മതത്തിനും അതീതമായി യുവാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരും. മദ്ധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖറിന്റെ പാർട്ടിക്ക് ഒരു സീറ്റും കിട്ടിയില്ല. ചന്ദ്രശേഖറിന് ദളിത് പിന്തുണ ഇല്ലെന്ന് വ്യക്തമായി.
- സുരേന്ദ്ര സിംഗ്, ബി.എസ്.പി നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |