കൊച്ചി: ജനുവരിയിൽ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങളുടെ വില മൂന്ന് ശതമാനം വർദ്ധിക്കും. നിർമ്മാണ സാമഗ്രികളുടെ വിലയിലുണ്ടായ വൻ വിലക്കയറ്റം മൂലം നേരിടുന്ന അധിക ബാധ്യത ഉപഭോക്താക്കൾക്ക് കൈമാറാതെ നിർവാഹമില്ലെന്ന് കമ്പനിയുടെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസം ടാറ്റാ മോട്ടോഴ്സിന്റെ വിവിധ കാർ മോഡലുകളുടെ വിലയിലും രണ്ടു ശതമാനം വരെ വർദ്ധനയുണ്ടാകുമെന്ന് കമ്പനി പറഞ്ഞിരുന്നു. ലോഹങ്ങൾ, മറ്റ് കമ്പോള ഉത്പന്നങ്ങൾ എന്നിവയിലെ വിലക്കയറ്റം വാഹനങ്ങളുടെ ഉത്പാദന ചെലവ് കുത്തനെ കൂട്ടുകയാണെന്ന് കമ്പനികൾ അവകാശപ്പെടുന്നു.
രാജ്യത്തെ പ്രമുഖ വാഹന കമ്പനികളായ ഓഡിയും മാരുതി സുസുക്കിയും ഹ്യുണ്ടായിയും ഉൾപ്പെടെയുള്ള കമ്പനികൾ ജനുവരിയിൽ കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഉത്പാദന ചെലവ് പരമാവധി കുറയ്ക്കാനും വില വർദ്ധന ഒഴിവാക്കാനും പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് മാരുതി സുസുക്കി പറയുന്നു. അധിക ബാധ്യതയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാതെ നിർവാഹമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജനുവരി ഒന്നു മുതൽ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില രണ്ട് ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രമുഖ ആഡംബര കാർ കമ്പനിയാ ഔഡി ഇന്ത്യയും അറിയിച്ചിരുന്നു. പ്രവർത്തന, ഉത്പാദന ചെലവിലുള്ള കനത്ത വർദ്ധന മൂലം ലാഭക്ഷമത കുറയുന്നതാണ് എല്ലാ മോഡലുകളുടെയും വില ഉയർത്താൻ നിർബന്ധിതരാക്കുന്നത്.
ഇന്ത്യൻ കാർ വിപണി നാലു മാസമായി മികച്ച വളർച്ചയാണ് നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |