തിരുവനന്തപുരം: കേരള സർവകലാശാല വെള്ളിയാഴ്ച നടത്തിയ ബി.എ ഹിസ്റ്ററി അഞ്ചാം സെമസ്റ്റർ പരീക്ഷയ്‌ക്ക് നൽകിയത് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ. സംഭവം വിവാദമായതോടെ അധികൃതർ പരീക്ഷ മാറ്റിവച്ചു.
എം.എ ഇക്കണോമിക്സ് അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് ചോദ്യകർത്താവ് തെറ്റായ ഉത്തരസൂചിക നൽകുകയും തുടർന്ന് മൂല്യനിർണയം നിറുത്തിവയ്ക്കുകയും ചെയ്തതിന് പിന്നാലെയാണിത്. , ഇന്നലെ നടന്ന ബോട്ടണി അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് ഒന്നാം സെമസ്റ്റർ സിലബസിലെ ചോദ്യങ്ങളാണെന്നും പരാതി ഉയർന്നിട്ടുണ്ട്. അതാത് വിഷയങ്ങളുടെ ബോർഡ് ഒഫ് സ്റ്റഡീസാണ് ചോദ്യകർത്താക്കളുടെ പാനൽ തയ്യാറാക്കുന്നത്. പരീക്ഷാ കൺട്രോളറാണ് ചോദ്യകർത്താക്കളെയും ചോദ്യപരിശോധനയ്ക്കുള്ള ബോർഡിനേയും നിയമിക്കുന്നത്. ഈ സമിതികളിൽ സംഘടന - രാഷ്ട്രീയാടിസ്ഥാനത്തിൽ താരതമ്യേന സർവീസ് കുറഞ്ഞ അദ്ധ്യാപകരെ അംഗങ്ങളായി നിയമിക്കുന്നതാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി വീഴ്ചകൾ സംഭവിക്കുന്നതിന് ഉത്തരവാദിത്തമുള്ള പരീക്ഷാ കൺട്രോളറുടെ ഡെപ്യൂട്ടേഷൻ പൂർത്തിയായെങ്കിലും വീണ്ടും നീട്ടി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |